നോര്ത്ത് കരോലീന: ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ച ഏകലവ്യന്റെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വമായ ഒരു ഗുരു – ശിഷ്യ ബന്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണം കാണിക്കുകയാണ് അമേരിക്കയിലെ നോര്ത്ത് കരോലീനയിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ബേസ് ബോള്‍ പരിശീലകനായ ടോം വാള്‍ട്ടര്‍. 42 കാരനായ ഇദേഹം തന്റെ ടീമിലെ ഒരു കളിക്കാരനായ കെവിന്‍ ജോര്‍ഡാന് വേണ്ടി തന്റെ ഒരു വൃക്ക ദാനം ചെയ്തു.
ജനുവരിയില്‍ കെവിന് സുഖമില്ലാതെ ആവുകയും ഫ്ളു ആണെന്ന് പറയുകയും ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് 10 കിലോ ഭാരം കുറയുകയും വളരെ ക്ഷീണിതനായി കാണപ്പെടുകയും ചെയ്ത കെവിനെ വിശദ പരിശോധന കള്‍ക്ക് വിധേയമാക്കി യപ്പോഴാണ് വളരെ അപൂര്‍വമായ എ. എന്‍. സി. എ. വസ്കുലിടിസ് എന്ന രോഗം ആണ് കെവിന് എന്ന് മനസിലായത്. ഇതേ തുടര്‍ന്ന് കെവിന് വൃക്ക തകരാര്‍ സംഭവിച്ചിരുന്നു. ആഴ്ചയില്‍ 3 തവണ ഡയാലിസിസിനു വിധേയനായിരുന്ന കെവിന്റെ വൃക്കകള്‍ കഴിഞ്ഞ ഡിസംബറില്‍ 90% പ്രവര്‍ത്തന രഹിതമായി. അടിയന്തരമായി വൃക്ക മാറ്റി വെയ്ക്കല്‍ ആവശ്യമായി വന്നു. എന്നാല്‍ കുടുംബത്തിലെ പലരുടെയും രക്ത പരിശോധന നടത്തിയെങ്കിലും അവയൊന്നും കെവിന് അനുയോജ്യം ആയിരുന്നില്ല. അപ്പോഴാണ് ഒരു ദൈവ ദൂതനെ പോലെ വാള്‍ട്ടര്‍ രംഗ പ്രവേശം ചെയ്തത്. തന്റെയും കെവിന്റെയും രക്ത ഗ്രൂപ് ഒന്നാണെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ വൃക്ക ശരിയാകുമോ എന്ന് നോക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ വിജയിക്കുകയും, രണ്ടാഴ്ച മുന്‍പ് വാള്‍ട്ടറുടെ ഒരു വൃക്ക കെവിന്റെ ശരീരത്തിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്തു. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു.
വാള്‍ട്ടറുടെ ഈ ഉദാരതയും ആത്മ ധൈര്യവും ലോകമെങ്ങും സന്തോഷത്തോടെ സ്മരിക്കുമ്പോള്‍ ശ്രദ്ധേയമായ മറ്റൊരു വസ്തുത, കെവിന്‍ ജോര്‍ദാന്‍ വേക്ക് ഫോറസ്റ്റ് സര്‍വ കലാശാലയിലെ ടീമില്‍ ഇത് വരെ കളിച്ചിട്ടില്ല എന്നുള്ളതാണ്. ജോര്‍ജിയയിലെ കൊളംബസ് സര്‍വകലാശാലയില്‍ നിന്നും 18 കാരനായ കെവിന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് വേക്ക് ഫോറസ്റ്റില്‍ ചേര്‍ന്നത്.