ധാക്ക : ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ് യൂനുസിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കി കൊണ്ട് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ യുനുസ് നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.
മൈക്രോ ഫിനാന്സിംഗിന്റെ സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കുകയും കുറഞ്ഞ വരുമാനക്കാരായ അനേകം പേര്‍ക്ക് ജീവിതത്തില്‍ തുണയാകുകയും ചെയ്തു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1983ല്‍ മുഹമ്മദ് യൂനുസ് തുടങ്ങിയ ഗ്രാമീണ്‍ ബാങ്ക്. ഈ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളില്‍ മൈക്രോ ലോണ്‍ എന്ന ആശയം വന്‍ തോതില്‍ വ്യാപകമായി. 2006ല്‍ യുനുസിനും അദ്ദേഹത്തിന്റെ ബാങ്കിനും സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ലഭിച്ചു.
ഗ്രാമീണ്‍ ബാങ്കിന്റെ വായ്പ ലഭിച്ചവരോടൊപ്പം യുനുസ്
എന്നാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് യുനുസ് നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തെ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ ശത്രുവാക്കി. ഇതേ തുടര്‍ന്നാണ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്നും തന്നെ പുറത്താക്കി കൊണ്ടുള്ള നടപടി യുനുസിന് നേരിടേണ്ടി വന്നത്. യുനുസ് ഗ്രാമീണ്‍ ബാങ്കിനെ തന്റെ സ്വകാര്യ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ബാങ്ക് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് എന്നും ഹസീന ആരോപിച്ചു.
ഗ്രാമീണ്‍ ബാങ്ക് നികുതി വെട്ടിപ്പ് നടത്തുന്നു എന്നും വിദേശ പണം ദുരുപയോഗം ചെയ്യുന്നു എന്നും യുനുസ് പെന്‍ഷന്‍ പ്രായമായ 60 കഴിഞ്ഞിട്ടും തന്റെ സ്ഥാനത്ത് തുടരുന്നു എന്നും ഒരു നോര്‍വീജിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.
25 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി യുനുസ് സ്വയം നിയമിതനായത് ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ യുനുസ് തല്‍സ്ഥാനത്ത് തുടരുന്നതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല എന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ് നിയമവിരുദ്ധമാണ് എന്നുമാണ് യുനുസിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.
ഒന്‍പത് ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍മാര്‍ യുനുസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
കേസിന്റെ വിധിയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്.
ഫോട്ടോ : Copyright © Grameen Bank Audio Visual Unit, 2006
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബംഗ്ലാദേശ്, വിവാദം, സാമ്പത്തികം