ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ മത ന്യുനപക്ഷ മന്ത്രിയായ ഷഹബാസ് ഭാട്ടി ഇന്ന് രാവിലെ ഇസ്ലാമാബാദില്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ മന്ത്രി സഭയിലെ ഏക ക്രിസ്തുമത വിശ്വാസിയായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെ സ്വവസതിയില്‍ നിന്നും തന്റെ സഹോദരി പുത്രിയോടൊപ്പം കാറില്‍ പുറത്തേക്കു പുറപ്പെട്ട ഭാട്ടിയെ ഒരു സംഘം അക്രമികള്‍ വളയുകയും, കാറില്‍ നിന്ന് കുട്ടിയേയും ഡ്രൈവറെയും പുറത്തിറക്കിയതിനു ശേഷം കാറിനുള്ളിലേക്ക് വെടി വെക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ ആയില്ല.
വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചു. മത തീവ്രവാദം വഴി ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ് ഇത്തരം പ്രവര്‍ത്തികളുടെ പിന്നിലെ ലക്‌ഷ്യമെന്നു പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ തലവനായ ഐ. എ. റെഹ്മാന്‍ പറഞ്ഞു.
ജനുവരിയില്‍ പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ ആയ സല്‍മാന്‍ ടസ്സിര്‍ പാക്കിസ്ഥാനിലെ കര്‍ശനമായ ദൈവ ദൂഷണ നിയമ ഭേദഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ കൊല്ലപ്പെടുകയുണ്ടായി. പ്രവാചകനെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന പേരില്‍ കഴിഞ്ഞ വര്ഷം അസിയ ബീവി എന്ന 45 കാരിയായ ക്രിസ്തീയ വിശ്വാസിയെ വധ ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. ഇതിനു എതിരെ ശബ്ദമുയര്‍ത്തിയ ഏക വ്യക്തിയായിരുന്നു ടസ്സിര്‍.
ഭാട്ടിയുടെ മരണത്തിന് ഉത്തരവാദിത്വം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനും അല്‍ ഖായ്ദ ക്കും ഇതില്‍ പങ്ക് ഉണ്ട് എന്നാണ് സൂചന.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, പാക്കിസ്ഥാന്‍, മനുഷ്യാവകാശം