ലോസ് ആഞ്ചലസ് : സിനിമ ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രമായി ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥ പറയുന്ന “ദ കിങ്‌സ് സ്പീച്” തെരഞ്ഞെടുക്കപ്പെട്ടു. “ബ്ലാക്ക് സ്വാന്‍” എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടിയായി നതാലി പോര്‍ട്ട്‌മാനും ദ കിങ്‌സ് സ്പീച്ചിലൂടെ കോളിന്‍ ഫിര്‍ത്തും തെരഞ്ഞെടുക്കപ്പെട്ടു. ടോം ഹൂപ്പര്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും ദ കിങ്‌സ് സ്പീച്ചിലൂടെ നേടി. ദി ഫൈറ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍, മെലീസ ലിയോ എന്നിവര്‍ മികച്ച സഹ നടനും സഹ നടിക്കുമുള്ള ഓസ്‌കറുകള്‍ സ്വന്തമാക്കി. ടോയ് സ്‌റ്റോറി 3 ആണ് മികച്ച അനിമേഷന്‍ ചിത്രം. ഇന്‍ ബെറ്റര്‍ വേള്‍ഡ് (ഡെന്‍മാര്‍ക്ക്) ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ഏറ്റവും മികച്ച തിരക്കഥ : ഡേവിഡ് സൈള്‍ഡാര്‍. ശബ്ദ മിശ്രണം : സിനിമ – ഇന്‍സെപ്ഷന്‍ . മികച്ച കലാ സംവിധാനം : ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്, മികച്ച ഹ്രസ്വ ചിത്രം : ദി ലോസ്റ്റ് തിംഗ്, മികച്ച സൌണ്ട് എഡിറ്റിംഗ് : റിച്ചാര്‍ഡ് കിംഗ് (ഇന്‍സെപ്ഷന്‍), മികച്ച ഡോക്യുമെന്ററി : ഇന്‍സൈഡ് ജോബ്, മികച്ച വസ്ത്രാലങ്കാരം : കോളിന്‍ അറ്റ് വുഡ് (ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്)
ഇന്ത്യയുടെ സംഗീതജ്ഞന്‍ എ. ആര്‍. റഹ്മാന് ഇത്തവണ ഓസ്‌കര്‍ ലഭിച്ചില്ല. പശ്ചാത്തല സംഗീതം, മികച്ച ഗാനം എന്നിവയ്ക്കാണ് അദ്ദേഹത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. 127 അവേഴ്‌സ് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും ഗാനത്തിനുമാണ് റഹ്മാന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നത്. ദി സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ ട്രെന്റ് റെസ്‌മോര്‍, അറ്റിക്കസ് റോസ് എന്നിവര്‍ക്കാണ് പശ്ചാത്തല സംഗീത വിഭാഗത്തില്‍ ഓസ്‌കര്‍. ടോയ് സ്‌റ്റോറി 3 എന്ന ചിത്രത്തിലെ വീ ബിലോങ് ടുഗതര്‍ എന്ന ഗാനത്തിന് റാന്‍ഡി ന്യൂമാന്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ നേടി.
- ലിജി അരുണ്‍