മൊഗാദിഷു : മോചന ദ്രവ്യം നല്‍കിയതിനു ശേഷവും ഇന്ത്യാക്കാരായ കപ്പല്‍ തൊഴിലാളികളെ പിടിച്ചു വെച്ച സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ നടപടി അന്താരാഷ്‌ട്ര നാവിക സുരക്ഷാ മേഖലയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് കാരണമായി.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “അസ്ഫാള്‍ട്ട് വെഞ്ച്വര്‍” എന്ന കപ്പലിന്റെ ഉടമകള്‍ കടല്‍ കൊള്ളക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കിയപ്പോള്‍ കപ്പലും അതിലെ തടവുകാരെയും കൊള്ളക്കാര്‍ വിട്ടയച്ചു. എന്നാല്‍ ഇന്ത്യാക്കാരെ ആരെയും ഇവര്‍ വിട്ടയച്ചില്ല. ഇന്ത്യന്‍ നാവിക സേന പിടിച്ചു വെച്ച തങ്ങളുടെ കൂട്ടുകാരെ വിട്ടയച്ചാല്‍ മാത്രമേ ഇന്ത്യാക്കാരായ തടവുകാരെ വിട്ടയക്കൂ എന്നാണ് കൊള്ളക്കാര്‍ പറയുന്നത്.
2008 മുതല്‍ പ്രദേശത്തെ കടല്‍ കൊള്ള തടയാന്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ ക്കപ്പലുകള്‍ ചരക്ക് കപ്പലുകള്‍ക്ക് അകമ്പടി നല്‍കി വന്നിരുന്നു. കഴിഞ്ഞ മാസം നാവിക സേനയുടെ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ ആക്രമിച്ച വേളയില്‍ 61 കൊള്ളക്കാരെ സൈന്യം പിടികൂടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് 120 ലേറെ കൊള്ളക്കാരെയാണ് ഇന്ത്യന്‍ നാവിക സേന പിടികൂടിയിട്ടുള്ളത്. ഇവരെ വിട്ടയക്കണം എന്നാണ് ഇപ്പോള്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുന്നത്.
20 കോടി രൂപയാണ് സാധാരണ ഒരു കപ്പലിന് മോചന ദ്രവ്യമായി സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ വാങ്ങുന്നത്. ഈ വര്ഷം 107 കപ്പലുകളാണ് സോമാലിയയില്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ 17 കപ്പലുകള്‍ കൊള്ളക്കാര്‍ പിടിച്ചെടുത്തു. 309 തൊഴിലാളികളെ തടവുകാരാക്കിയതില്‍ 7 പേര്‍ കൊല്ലപ്പെട്ടു.