അസാൻഷൻ : അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന വേഗത്തിൽ പരാഗ്വേയിലെ കോൺഗ്രസ് പ്രസിഡണ്ട് ഫെർനാൻഡോ ലുഗോയെ പുറത്താക്കി. പ്രസിഡണ്ടിനെ പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് പ്രമേയം പാസാക്കിയാണ് ഇന്നലെ അദ്ദേഹത്തെ പ്രസിഡണ്ട് പദവിയിൽ നിന്നും പുറത്താക്കിയത്. ഒരു ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷം കൈകാര്യം ചെയ്യാൻ ബലം പ്രയോഗിച്ചത് ഏറെ രക്തച്ചൊരിച്ചിലിൽ കലാശിച്ചത് രാജ്യവ്യാപകമായി അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയ എതിരാളികൾ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. 4 വോട്ടുകൾക്കെതിരെ 39 വോട്ടുകൾ നേടിയാണ് പ്രസിഡണ്ടിനെ സെനറ്റ് സ്ഥാനഭ്രഷ്ട്ടനാക്കിയത്. അദ്ദേഹത്തിനു പകരം എതിരാളിയും വൈസ് പ്രസിഡണ്ടുമായിരുന്ന ഫെഡെറിക്കോ ഫ്രാങ്കോ പ്രസിഡണ്ടായി സ്ഥാനമേറ്റു. എന്നാൽ ഫ്രാങ്കോയെ അംഗീകരിക്കില്ല എന്ന് പ്രദേശത്തെ മറ്റു രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. അർജന്റീന, വെനെസ്വേല, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ് സെനറ്റ് നടപടി നിയമവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചത്.