കറാക്കാസ് : വെനസ്വേല വീണ്ടും ഹ്യൂഗോ ഷാവേസിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇത് ഷാവേസിന്റെ നാലാം ഊഴമാണ്. 80.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 54.42 ശതമാനം വോട്ടുകൾ നേടിയാണ് ഷാവേസ് ജയിച്ചത്. വൻ ആഘോഷ ആരവങ്ങളോടെയാണ് അനുയായികൾ ഷാവേസിന്റെ ജയത്തിന്റെ വാർത്തയെ എതിരേറ്റത്.
ദക്ഷിണ വെനസ്വേലയിൽ ദരിദ്രരായ അദ്ധ്യാപക ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1954ൽ ജനിച്ച ഷാവേസ് സൈനിക പരിശീലനത്തിന് ശേഷം 1976ൽ സൈന്യത്തിൽ ചേർന്ന് സൈനിക സേവനം അനുഷ്ഠിക്കുകയും സൈന്യം അഴിമതിയിൽ മുങ്ങിയ ഒരു ഭരണകൂടത്തിന്റെ കയ്യിലെ ആയുധമാണെന്ന് മനസ്സിലാക്കി സർക്കാരിനെതിരെ കലാപത്തിന് ഒരുങ്ങുകയും ചെയ്തു. കലാപം മണത്തറിഞ്ഞ സൈന്യം 1992ൽ ഷാവേസിനേയും കൂട്ടുകാരേയും പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഷാവേസിന്റെ കൂട്ടാളികളിൽ പലരേയും വധിക്കുകയും ചെയ്തു.
1994ൽ ജയിൽ മോചിതനായ ഷാവേസ് തീവ്ര ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും ഫിഫ്ത് റിപബ്ലിൿ മൂവ്മെന്റ് ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചടുലത താമസിയാതെ ഷാവേസിനെ ഏറെ ജനപ്രിയനാക്കി. 1998ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ട് നേടി ഷാവേസ് വെനസ്വേലയുടെ പ്രസിഡണ്ടായി.
2000ൽ ഭരണഘടന ഭേദഗതി ചെയ്യുകയും പ്രസിഡണ്ടിന്റെ ഭരണ കാലാവധി 6 വർഷമാക്കുകയും ചെയ്ത് വീണ്ടും പ്രസിഡണ്ടായി. ഏകാധിപത്യ പ്രവണതയ്ക്കെതിരെ ഷാവേസിന് എതിരെ വൻ പ്രതിഷേധം ഉയർന്നു. ഷാവേസിന്റെ വിപ്ലവകരമായ ഭരണത്തിനെതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സൈന്യവുമായി ഏറ്റുമുട്ടിയ ജനത്തിന് അനുകൂലമായി ഒരു വിഭാഗം സൈനികർ കൂറു മാറുകയും ഷാവേസിനെ സൈന്യം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇടക്കാല പ്രസിഡണ്ടായി പെദ്രോ കാർമോണയെ സൈന്യം നിയമിച്ചുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ പുറത്താക്കുകയും ഷാവേസിന്റെ വൈസ് പ്രസിഡണ്ടായിരുന്ന ഡയസ്ഡാഡോ കബേല്ലോയെ പ്രസിഡണ്ടാക്കുകയും ചെയ്തു. എന്നാൽ കബേല്ലോ ഷാവേസിനെ മോചിപ്പിക്കുകയും രണ്ട് ദിവസത്തിനകം ഷാവേസ് മറ്റൊരു കലാപത്തിലൂടെ വീണ്ടും പ്രസിഡണ്ടാവുകയും ചെയ്തു.
ദേശസാൽകൃത എണ്ണ കമ്പനികളിൽ നിന്നും ഒഴുകിയ പണം വിദ്യഭ്യാസം, ആരോഗ്യം എന്നിങ്ങനെ ഒട്ടേറെ ജനഹിത പദ്ധതിക്കായി യഥേഷ്ടം വിനിയോഗിച്ച ഷാവേസിന്റെ ജനപ്രീതി അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്ക് എന്നും വെല്ലുവിളി ഉയർത്തിയ ഷാവേസ് മൂന്നാം തവണ 63 ശതമാനം വോട്ട് നേടിയാണ് 2006ൽ വീണ്ടും പ്രസിഡണ്ടായത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഷാവേസിന് അന്താരാഷ്ട്ര തലത്തിലും ഏറെ അംഗീകാരവും പിന്തുണയും ലഭിച്ചു.
2011ൽ ക്യാൻസർ ചികിൽസയ്ക്കായി ക്യൂബയിൽ പോയ ഷാവേസ് സുഖം പ്രാപിച്ചതിന് ശേഷം വീണ്ടും സജീവമായി ഭരണത്തിൽ തിരിച്ചെത്തി. 2012ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാവേസ് സ്റ്റേജിൽ നൃത്തം വെച്ചത് അദ്ദേഹത്തിന്റെ ആരാധകരെ ആഹ്ലാദഭരിതരാക്കി. 2012ലെ തെരഞ്ഞെടുപ്പിൽ 54.42 ശതമാനം ഭൂരിപക്ഷത്തോടെ ഷാവേസ് നാലാം തവണയും വെനസ്വേലയുടെ അനിഷേധ്യ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.