വാഷിങ്ടണ്‍: അമിതാധികാരം കൈയടക്കി വെയ്ക്കുന്ന ഹ്യൂഗോ ഷാവേസ് വെനസ്വേലന്‍ ജനാധിപത്യത്തെ അടിച്ചൊതുക്കി ഭരണം നിലനിര്‍ത്തുകയാണെന്ന് പ്രശസ്ത ഭാഷാ പണ്ഡിതനും ഹ്യൂഗോ ഷാവേസിന്‍റെ പാശ്ചാത്യ ലോകത്തെ ഉറ്റ സുഹൃത്തായിരുന്ന നോം ചോംസ്‌കി പറയുന്നു. സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ തുടരുമ്പോഴും ഭരണാധികാരം മുഴുവന്‍ തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ ഇട വരുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ഷാവേസിനെ വിമര്‍ശിക്കാന്‍ ചോംസ്‌കിയെ പ്രേരിപ്പിച്ചത്.
വെനസ്വേലയില്‍ തടങ്കലിലുള്ള മരിയ ലൂര്‍ദ് അഫ്യൂണി എന്ന ജഡ്ജിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് ചോംസ്‌കി ഷാവേസിനെ വിമര്‍ശിച്ചത്. ഒരു വര്‍ഷമായി ജയിലില്‍ കിടക്കുന്ന വനിതാ ജഡ്ജി കടുത്ത പീഡനങ്ങള്‍ക്കി രയായതായി ചോംസ്‌കിയുടെ കത്തില്‍ പറയുന്നു. അവര്‍ക്ക് ന്യായമായ വിചാരണ ലഭ്യമാകുമെന്ന് കരുതുന്നില്ലെന്നും 12 വര്‍ഷമായി അധികാര ത്തിലിരിക്കുന്ന ഷാവേസ് നീതി ന്യായ വ്യവസ്ഥയെ ഭീഷണിയുടെ തടങ്കലിലാക്കി യിരിക്കുകയാണെന്നും ചോംസ്‌കി പറഞ്ഞു. മനുഷ്യാവകാശ ങ്ങളുയര്‍ത്തി പ്പിടിച്ച് ജഡ്ജിക്ക് മാപ്പ് നല്കാന്‍ ഷാവേസ് തയ്യാറാകണമെന്ന് ചോംസ്‌കി ആവശ്യപ്പെട്ടു.
ലോകപ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും കടുത്ത അമേരിക്കന്‍ വിമര്‍ശകനുമായ ചോംസ്‌കി ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യനായ അമേരിക്കക്കാരനാണ്. അമേരിക്കയിലെ ഏറ്റവും വലിയ സുഹൃത്തായാണ് വെനസ്വേലയുടെ ഇടതുപക്ഷ പ്രസിഡന്‍റായ ഷാവേസ് അദ്ദേഹത്തെ കണ്ടിരുന്നത്. ചോംസ്‌കിയുടെ പുസ്തകം ഉയര്‍ത്തി പ്പിടിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഷാവേസ് നടത്തിയ തീപ്പൊരി പ്രസംഗം ലോക ശ്രദ്ധ നേടിയിരുന്നു. വെനസ്വേലയില്‍ ചോംസ്‌കിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയ ഷാവേസ്, അദ്ദേഹത്തെ തന്റെ രാജ്യത്തെ അംബാസഡര്‍ ആക്കണമെന്ന് വരെ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലോകയുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ ഹ്രസ്വ കാലത്തേക്ക് മാത്രമല്ലാതെ ഭരണാധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ജനാധിപത്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്ന് വെനസ്വേലയിലെ രാഷ്ട്രീയ സ്ഥിതിയെ പ്പറ്റി പരാമര്‍ശിച്ചു കൊണ്ട് ചോംസ്‌കി പറഞ്ഞു. ”രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഭീഷണി നേരിടുകയാണ് വെനസ്വേല എന്നൊക്കെ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണിയില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ലാറ്റിനമേരിക്കന്‍ ഐക്യത്തിനും വേണ്ടി ചാവേസ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍ എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്വേച്ഛാധിപത്യ സാധ്യത ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. അതിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു” – ഒബ്‌സര്‍വറി’ന് നല്കിയ അഭിമുഖത്തില്‍ ചോംസ്‌കി പറഞ്ഞു. അര്‍ബുദ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ക്യൂബയില്‍ വിശ്രമത്തിലാണ് ചാവേസ് ഇപ്പോള്‍. ചാവേസിന്റെ അസുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ച ചോംസ്‌കി, അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, മനുഷ്യാവകാശം, വെനസ്വേല