ക്വാലാലമ്പൂര്‍ : വിദേശ കറന്‍സികള്‍ വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുന്നത് ഇസ്ലാമിക ശരിയത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അതിനാല്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് മുസ്ലിംകള്‍ക്ക് ഹറാം ആണെന്നും മലേഷ്യയിലെ ദേശീയ ഫത്വ സമിതി അറിയിച്ചു.
ഇത്തരം വ്യാപാരം കറന്‍സിയുടെ വിലയുടെ ഊഹക്കച്ചവടം ആണെന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി സമിതി പറഞ്ഞു. ഇത് ഇസ്ലാമിന് എതിരാണ്. എന്നാല്‍ കറന്‍സി സ്വാഭാവികമായി വിനിമയം ചെയ്യുന്നതോ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി കൈമാറുന്നതോ തെറ്റല്ല എന്നും സമിതി വ്യക്തമാക്കി. കാരണം ഇത്തരം ഇടപാടുകളില്‍ ഊഹക്കച്ചവടമോ കച്ചവട ലാഭത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമോ നിലനില്‍ക്കുന്നില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.