തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.
എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത് എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത് എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇറ്റലി, കുറ്റകൃത്യം, പോലീസ്