മാലി : സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു എന്ന ആരോപണം നിലനിൽക്കുന്ന മാലിദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് വഹീദ് അടുത്തൊന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശമില്ല എന്ന് അറിയിച്ചു. ഭരണഘടന പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താൻ ഇനിയും സമയം ആവശ്യമാണ് എന്നാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. സുഹൃദ് രാജ്യമായ ഇന്ത്യയും, കോമണവെൽത്ത് രാജ്യങ്ങളും അമേരിക്കയും ഉടൻ തെരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് പ്രസിഡണ്ട് ഈ നിലപാട് കൈക്കൊണ്ടത് എന്നത് ശ്രദ്ധേയമാണ്. 2013 ജൂലൈയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാവൂ എന്ന് പ്രസിഡണ്ടിന്റെ ഒഫീസിൽ നിന്നുമുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.