ന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.