ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തി പ്രദേശത്ത് റോഡ്, റെയില്‍ നിര്‍മ്മാണവും അടിസ്ഥാന സൌകര്യ വികസനവും തകൃതിയായി നടക്കുന്നു. വിമാനതാവളങ്ങളില്‍ ചിലത് വ്യോമസേനയ്ക്ക് കൈമാറുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇവിടെ ഒരു റഷ്യന്‍ വിമാനം ആദ്യമായി പറന്നിറങ്ങിയത് ശക്തമായ സൂചനകളാണ് നല്‍കുന്നത്. അന്‍പതോളം റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങുവാനുള്ള സാധ്യത ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി രണ്ടാമത്തെ Airborne Early Warning (AEW) വിമാനം ഇസ്രയേല്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യക്കു കൈമാറും. 2011 ഓടെ ഇസ്രയേല്‍ നിര്‍മ്മിത പൈലറ്റില്ലാതെ പറക്കുന്ന ആക്രമണ വിമാനങ്ങളും ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഉടനീളം അനേകം റഡാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ മാസം 24ന് 300 ടാങ്കുകള്‍ വാങ്ങുവാനുള്ള പ്രാരംഭ നടപടികളും ഇന്ത്യ സ്വീകരിച്ചു. ചൈനക്കെതിരെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് ഇതൊന്നും മതിയാവില്ലെങ്കിലും ഒരു നിയന്ത്രിത ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ പടയൊരുക്കത്തിന്റെ ലക്ഷ്യം.