പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ ജനാധിപത്യത്തിനു നേരെയുള്ള ഭീഷണിയാണ് ഈ ആക്രമണം. നിരന്തരമായി പല കേന്ദ്രങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ ഇത്തരം ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ തകര്‍ക്കാന്‍ വിദേശ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആക്രമണത്തിനു പുറകിലും വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്നും പാക്കിസ്ഥാന്‍ വക്താവ് റഹ്മാന്‍ മാലിക് അറിയിച്ചു.
ആക്രമണത്തിന് ഇന്ത്യയെ ഉത്തരവാദി ആക്കുവാനുള്ള പാക്കിസ്ഥാന്റെ ശ്രമമായാണ് ഇത് പരക്കെ കരുതപ്പെടുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പുറകില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന് ആരോപിച്ച് ഒരു സംഘം പാക്കിസ്ഥാനി അഭിഭാഷകര്‍ ഇന്ത്യന്‍ പതാകക്ക് തീ കൊളുത്തുന്നു
നേരത്തെ ഈ ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണ്.