
ന്യൂഡൽഹി : ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക എന്നതിനും അപ്പുറം സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചു എന്നും വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവില്‍ മുതിര്‍ന്ന ആളുകളില്‍ 101 ദശലക്ഷം പ്രമേഹ ബാധിതരും പ്രമേഹത്തിന് തൊട്ടു മുമ്പുള്ള പ്രീ-ഡയബറ്റിസ് ഘട്ടത്തില്‍ കഴിയുന്ന 136 ദശലക്ഷം ആളുകളും ഇന്ത്യയില്‍ ഉണ്ട് എന്നാണു കണക്ക്.
രോഗം സ്ഥിരീകരിച്ചതിന് ശേഷം ചികിത്സ തുടങ്ങുക എന്ന രീതിയില്‍ നിന്നും മാറി, പ്രാരംഭ കണ്ടെത്തൽ എന്നുള്ള നിലയിലേക്കും രോഗ പ്രതിരോധ നടപടികൾ എടുക്കുന്നതിലേക്കും മാറണം എന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
തങ്ങൾ പ്രമേഹ രോഗബാധിതർ ആണെന്ന് പോലും അറിയാതെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഐ. ഡി. എഫ്. (രാജ്യാന്തര പ്രമേഹ ഫെഡറേഷന്‍) നേരത്തെ കണക്കാക്കിയിരുന്ന 8.98 കോടി എന്ന അനുമാനം രാജ്യം മറി കടന്നു കഴിഞ്ഞു.
ആഗോള തലത്തില്‍ 20 വയസ്സ് മുതൽ 79 വയസ്സ് വരെ പ്രായമുള്ള 58.9 കോടി ആളുകള്‍ പ്രമേഹ ബാധിതർ ആണെന്നും 2050 ഓടെ ഇത് 85.3 കോടിയായി ഉയരും എന്നാണു റിപ്പോർട്ടുകൾ.
പ്രമേഹ ബാധിതരില്‍ ടൈപ്പ് 2 പ്രമേഹമാണ് 90 % പേരിലും കാണപ്പെടുന്നത്. വര്‍ഷങ്ങളെടുത്ത് പതുക്കെ ശരീരത്തില്‍ വികസിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല.
ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം നിലക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയായ ടൈപ്പ് 1 പ്രമേഹം ഇന്‍സുലിന്‍ ചികിത്സ ആവശ്യം ഉള്ളത് ആണെങ്കിൽ, ഇന്‍സുലിന്‍ പ്രതിരോധം മൂലമാണ് പ്രധാനമായും ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.
അമിതമായ ദാഹം, വിശപ്പ്, രാത്രി കാലങ്ങളില്‍ അടിക്കടിയുള്ള മൂത്രമൊഴിക്കല്‍, ശരീര ഭാരം കുറയുക, കഠിനമായ ക്ഷീണം, കാഴ്ച്ച മങ്ങല്‍, കൈ കാലുകളിലെ തരിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നത് എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന മുന്നറിയിപ്പുകൾ. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകാതെയും പ്രമേഹം ബാധിക്കുന്നതിനാല്‍ ചിട്ടയായ പരിശോധനകള്‍ അനിവാര്യമാണ്.
അമിത വണ്ണം, അനാരോഗ്യ ഭക്ഷണ രീതികള്‍, വ്യായാമം ഇല്ലായ്മ, പുകയില ഉപയോഗം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയവ പ്രമേഹ സാദ്ധ്യത വർദ്ധിപ്പിക്കും.
സൈക്ലിംഗ്, നീന്തല്‍, നടത്തം (ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വേഗത്തിലുള്ള നടത്തം) തുടങ്ങിയ ചിട്ടയായ വ്യായാമങ്ങള്‍ ശീലമാക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണ ത്തില്‍ ഉള്‍പ്പെടുത്തുക, പഞ്ചസാര യുടെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും ഉപയോഗം നിയന്ത്രിച്ച് ഭക്ഷണം ക്രമീകരിക്കുക, ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ്, ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് തുടങ്ങിയ ലളിതമായ രക്ത പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുക തുടങ്ങി സമയ ബന്ധിതമായ ഇടപെടലുകളിലൂടെ ടൈപ്പ് 2 പ്രമേഹത്തെ തടയാനും രോഗബാധ വൈകിപ്പിക്കാനും സാധിക്കും.
പ്രമേഹത്തെക്കുറിച്ചുള്ള അവബോധം എന്നതിനും അപ്പുറം മുന്‍ കരുതലുകളും കൃത്യമായ പ്രമേഹ പരിശോധനകളും ജാഗ്രതയോടെ സ്വീകരിക്കുക. അതിലൂടെ മാത്രമേ ഇന്ത്യക്ക് ഈ പൊതു ജനാരോഗ്യ വെല്ലുവിളിയെ പ്രതിരോധി ക്കാന്‍ സാധിക്കൂ എന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: diabetes-care, who-world-health-organisation, ആരോഗ്യം, ഇന്ത്യ, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാങ്കേതികം




























