തൃശ്ശൂര്‍: രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വയ്യാത്ത നാടായി കേരളമെന്നതിന് ഇനി മറ്റൊരു തെളിവു കൂടി. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യ(23) യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കൊച്ചി – ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ ക്രൂരമായി മാനഭംഗ ത്തിനിരയായി ഇന്നലെ വൈകിട്ട് മൂന്നിനു മരണത്തിനു കീഴടങ്ങിയത്.
വിവാഹ സ്വപ്നങ്ങളും മനസില്‍ താലോലിച്ച്, പിറ്റേന്നു നടക്കാനിരുന്ന പെണ്ണു കാണല്‍ ചടങ്ങിനായി ജോലി സ്ഥലത്തു നിന്നു മടങ്ങിയ സൗമ്യ, സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു നിഷ്‌കരുണം വലിച്ചെറിയപ്പെട്ടതു കേരളക്കരയുടെ വിട്ടു മാറാത്ത നടുക്കമായി തുടരും. പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായിപ്പോയ സൗമ്യക്ക്, കടന്നു വന്ന കാപാലികനില്‍ നിന്നു രക്ഷ നേടാന്‍ മാര്‍ഗങ്ങളൊന്നു മില്ലായിരുന്നു. എന്നിട്ടും അവള്‍ പരമാവധി ചെറുത്തു. അക്രമിയുടെ ചര്‍മം വരെ പറിച്ചെടുത്തിട്ടും അവള്‍ മോചിതയായില്ല. അവളുടെ നിലവിളി പാസഞ്ചര്‍ ട്രെയിനിന്റെ ചൂളം വിളിയില്‍ കുരുങ്ങി. നിസഹായയായ അവള്‍ ട്രെയിനിനു പുറത്തേക്കു തള്ളിയിടപ്പെട്ടു. ട്രാക്കില്‍ തലയിടിച്ചു ബോധ ശൂന്യയായിട്ടും അവളെ വിട്ടു മാറാന്‍ കണ്ണില്‍ച്ചോരയില്ലാത്ത, ക്രൂരതയുടെ പര്യായമായ നരാധമന്‍ തയാറായില്ല. ഒടുവില്‍ ക്രൂരതയുടെ കൈകള്‍ നീണ്ടു വരാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.
വീടിന്റെ ഏക ആശ്രയമായിരുന്നു സൗമ്യ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ ജോലി ചെയ്തു പോറ്റിയത് ഈ പെണ്‍കുട്ടി യായിരുന്നു. ആ വിളക്കു നിര്‍ദയം തല്ലിക്കെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കാത്ത സുമനസുകളില്ല. പക്ഷേ, പ്രാര്‍ഥനകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. ജീവച്ഛവമായി ആശുപത്രിയിലെ പേരറിയാത്ത മെഷിനുകള്‍ക്കും രൂക്ഷ ഗന്ധമുള്ള മരുന്നുകള്‍ക്കും മധ്യേ അഞ്ചു രാപ്പകലുകള്‍. പിന്നെ അവള്‍ അകാലത്തില്‍ മരണത്തെ പുല്കി. തലയുടെ ഇടതു ഭാഗത്തിനേറ്റ ആഘാതം മൂലമുണ്ടായ മസ്തിഷ്‌ക ക്ഷതവും ക്രമേണ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണ കാരണം. ചികിത്സയുടെ ഒരു ഘട്ടത്തിലും ബോധമുണ്ടായില്ല. താടിയെല്ല് തകര്‍ന്നിരുന്നു. ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടു. തലച്ചോറില്‍ രക്തം കട്ട കെട്ടി നിന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡു തന്നെ രൂപീകരിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.
റെയില്‍വേയുടെ അനാസ്ഥ, ട്രെയിനുകളിലെ സുരക്ഷാക്കുറവ്, അക്രമികളുടെ വിളയാട്ടം. അധികൃതര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ നിരവധി യുണ്ടാകും. നഷ്ടപ്പെട്ടത് അവളുടെ മാനവും, പിന്നെ ജീവിതവുമാണ്. അവളുടെ കുടുംബത്തിന്റെ തീരാ നഷ്ടം നാടിന്റെ വലിയൊരു മുറിവു മായിരിക്ക യാണിന്ന്. ഇനിയൊരു പെണ്‍കുട്ടിക്കും ഈയൊരു ദുരവസ്ഥ ഉണ്ടാവല്ലേ എന്ന പ്രാര്‍ഥനയോടെയാണ് കേരളം സൗമ്യയെന്ന ഹതഭാഗ്യക്ക് യാത്രാമൊഴി ചൊല്ലിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, ചരമം, പോലീസ്, വിവാദം
കുറ്റവാളികളുടേയും കുറ്റവാസനയുള്ളവര്‍ക്കും ഞടുക്കം സ്രുഷ്ടിക്കുന്ന(ഓര്‍ക്കുമ്പോള്‍ വിറച്ചു പോകുന്ന) രീതിയിലുള്ള ഒരു ശിക്ഷ ഇവിടെയുള്ള നീതി പാലകരും സമൂഹവും അവനുനല്‍കിയാല്‍ ഇതുപോലുള്ള അക്രമങള്‍ സമൂഹത്തില്‍ കുറയും അല്ലാതെ സ്ത്രികള്‍ക്ക എതുവിധ സുരക്ഷ ഒരുക്കിക്കൊടുത്തിട്ടും കാര്യമില്ല..വേലി തന്നെ വിളവുതിന്നാലെന്തുചെയ്യും.ശിക്ഷിച്ചു ജയിലില്‍ അടക്കതെ പൊതുജനമധ്ധ്ത്തില്‍ കുരിശില്‍ തറച്ച് പ്രദര്‍ശിപ്പിക്കണം.