വാഷിങ്ങ്‌ടണ്‍: മോശപ്പെട്ട ഭരണവും അഴിമതിയും മൂലം ജനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ഗുജറാത്തി സമൂഹത്തെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് മോഡി പ്രസംഗിച്ചത്.
ഡെല്‍ഹിയില്‍ ഉള്ളത് ദുര്‍ബലരായ ഭരണാധികാരികളാണെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും മോഡി പറഞ്ഞു. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലവെട്ടുന്നു. ചൈന അതിര്‍ത്തി കടന്ന് നമ്മുടെ പടിവാതിലില്‍ മുട്ടുന്നു തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മോഡി സൂചിപ്പിച്ചു. തന്റെ ഭരണകാലത്ത് വിവേചനമില്ലാതെ വികസനം എത്തിച്ചെന്നും ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ താന്‍ വികസനത്തിനു പുതിയ അര്‍ഥം നല്‍കിയെന്ന് മോഡി അവകാശപ്പെട്ടു. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യന്‍ വംശജരായ നൂറുകണക്കിന്‍ വിദ്യാര്‍ഥികളാണ്‍` മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, ഇന്റര്‍നെറ്റ്, ചൈന, പാക്കിസ്ഥാന്, പ്രതിഷേധം