ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.
-