ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത് കരോലിന, മെരിലാന്‍ഡ് എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്‌തത്. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.
മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ് ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക് അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ് പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കണക്‌ടികട്ട്, ചെസ്‌റ്റര്‍ഫീല്‍ഡ് കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്, ഡെലവാര എന്നിവിടങ്ങളിലാണ് ഐറീന്‍ വലിയ നാശം വിതച്ചത്. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ് മേരീസ് ലേക്ക് ഡാമിന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍ മന്‍ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.
ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് അവിടെനിന്ന് ഒഴിപ്പിച്ചത്.
- ലിജി അരുണ്‍