ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും.
അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല.
അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം.
തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ചൈന, സാമ്പത്തികം