മധുര : നാരായണന്‍ കൃഷ്ണന്റെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്കാണ്. താന്‍ തന്നെ പാചകം ചെയ്തുണ്ടാക്കുന്ന ചൂട് ഭക്ഷണവുമായി ഇദ്ദേഹവും സഹായികളും തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച വാനില്‍ മധുരാ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സഞ്ചരിക്കുന്നു. റോഡരികിലും, ഓവു ചാലുകളിലും, കലുങ്കുകള്‍ക്കടിയിലും ഇവര്‍ മാനസിക നില തെറ്റിയവരെയും, അശരണരെയും, നിസ്സാഹായ അവസ്ഥയില്‍ കഴിയുന്നവരെയും തെരഞ്ഞു കണ്ടെത്തി അവര്‍ക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം നല്‍കുന്നു. പലപ്പോഴും സ്വന്തമായി ഒന്നും ചെയ്യാന്‍ പോലും കഴിവില്ലാത്ത വണ്ണം തകര്‍ന്നു പോയവര്‍ക്ക് ഭക്ഷണം വാരി കൊടുക്കുന്നു.
നാരായണന്‍ കൃഷ്ണന്റെ കൈയ്യില്‍ ഇപ്പോഴും ചീര്‍പ്പും, കത്രികയും കത്തിയും ഉണ്ടാവും. ഭക്ഷണം നല്‍കുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് ഒരു ക്ഷൌരവും കൃഷ്ണന്‍ നല്‍കുന്നു. ചിലപ്പോള്‍ ഇവരെ കുളിപ്പിക്കുകയും ചെയ്യുന്നു. സ്വയം ഇതൊന്നും ചെയ്യാന്‍ കഴിയാത്തവരെ വൃത്തിയും വെടിപ്പുമാക്കി വൃത്തിയുള്ള വസ്ത്രങ്ങളും ധരിപ്പിച്ചേ ഇവര്‍ അടുത്ത ആളെ തേടി നീങ്ങുകയുള്ളൂ.
ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഷെഫ് ആയിരുന്നു 29 കാരനായ നാരായണന്‍ കൃഷ്ണന്‍. സ്വിട്സര്‍ലാണ്ടിലെ ഒരു മികച്ച ഹോട്ടലില്‍ ജോലി സമ്പാദിച്ച ഇദ്ദേഹം മധുരയിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവേ മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യന്‍ വിശപ്പ് സഹിക്കാതെ സ്വന്തം അമേദ്ധ്യം ഭക്ഷിക്കുന്ന കാഴ്ചയാണ് നാരായണന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അയാള്‍ക്ക് ഉടന്‍ തന്നെ ഭക്ഷണം വാങ്ങി കൊടുത്ത നാരായണന്‍ തന്റെ ജീവിത ദൌത്യം കണ്ടെത്തുകയായിരുന്നു.
അക്ഷയ എന്ന പേരില്‍ നാരായണന്‍ 2003ല്‍ തുടങ്ങിയ ട്രസ്റ്റ് ഇതിനോടകം 12 ലക്ഷം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. നാനൂറോളം പേരെ പ്രതിദിനം ഊട്ടാന്‍ 15000 രൂപയോളമാണ് ചെലവ്. സംഭാവനയായി ഒരു മാസം ട്രസ്റ്റിനു ലഭിക്കുന്ന പണം കൊണ്ട് കേവലം 22 ദിവസം മാത്രമേ ഭക്ഷണം നല്‍കാനാവൂ. ബാക്കി തുക സ്വന്തം വീട് വാടകയ്ക്ക് കൊടുത്ത് കിട്ടുന്ന വാടക കൊണ്ടും മറ്റുമാണ് ഇദ്ദേഹം കണ്ടെത്തുന്നത്. ഇതിനായി ഇദ്ദേഹം താമസം അക്ഷയയുടെ അടുക്കളയിലേക്ക് മാറ്റി.
തന്റെ വിദ്യാഭ്യാസത്തിനായി ഏറെ ചെലവ് ചെയ്ത അച്ഛനമ്മമാര്‍ക്ക് ആദ്യമൊക്കെ താന്‍ ജോലി ഉപേക്ഷിച്ചത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ ഒരിക്കല്‍ താന്‍ ഭക്ഷണം നല്‍കുന്നത് നേരില്‍ കണ്ട തന്റെ അമ്മ “നീ ഇത്രയും ആളുകള്‍ക്ക് ഭക്ഷണം നല്‍കി വരുന്നുവെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ഞാന്‍ നിനക്ക് ഭക്ഷണം തരും” എന്ന് തന്നോട് പറഞ്ഞതായി ഓര്‍ക്കുന്നു. അന്ന് മുതല്‍ തന്റെ വീട്ടുകാരും തന്റെ ഉദ്യമത്തില്‍ തന്നോട് സഹകരിച്ചു വരുന്നു എന്നും നാരായണന്‍ പറഞ്ഞു.
സി. എന്‍. എന്‍. എന്ന അമേരിക്കന്‍ മാധ്യമ കമ്പനി 2010ലെ ഹീറോ ഓഫ് ദി ഇയര്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗോള തലത്തില്‍ തെരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഒരാളാണ് നാരായണന്‍ കൃഷ്ണന്‍. ഈ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വകയില്‍ 11 ലക്ഷം രൂപ സമ്മാനമായി ഇദ്ദേഹത്തിന് ലഭിക്കും. സി. എന്‍. എന്‍. വെബ് സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലൂടെയാണ് ഹീറോ ഓഫ് ദി ഇയര്‍ ആയി ഒരാളെ തെരഞ്ഞെടുക്കുന്നത്. ഇദ്ദേഹം ജയിച്ചാല്‍ സമ്മാനമായി ലഭിക്കുന്ന 44 ലക്ഷം രൂപ കൂടി അശരണര്‍ക്ക് സാന്ത്വനമേകാന്‍ ലഭ്യമാകും എന്നതിനാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കു ചേരാം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമൂഹ്യ-സേവനം
അഭിനന്ദനങള്‍…!