മാറിടത്തിന്റേയും നിതംബത്തിന്റേയും ഉള്‍പ്പെടെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ജാഗ്രത. അത് നിങ്ങളുടെ ജീവിതത്തെ വേദനാ പൂര്‍ണ്ണമാക്കുവാന്‍ ഇടയുണ്ട്. നിതംബ മത്സരത്തില്‍ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയന്‍ മോഡലായ അന്‍ഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ഇപ്പോള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. അന്‍ഡ്രെസ ശരീരത്തില്‍ രാസ വസ്തുക്കള്‍ കുത്തി വെച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാന്‍ തയ്യാറെടുത്തത്. മരുന്നുകള്‍ ഫലം കണ്ടു. ആന്‍ഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി. താന്‍ ആഗ്രഹിച്ച പ്രകാരം ആകൃതിയൊത്ത നിതംബവും തുടകളും സ്വന്തമാക്കിയതില്‍ അന്‍ഡ്രെസ അതിയായി ആഹ്ലാദിക്കുകയും ചെയ്തു.
തുടര്‍ന്ന് 2012-ലെ നിതംബ സുന്ദരീ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മോഡലായും അവതാരകയായും എല്ലാം അവര്‍ക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാല്‍ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെയ്പുകള്‍ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താല്‍ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നിതംബത്തില്‍ പഴുപ്പും അണുബാധയും ഉണ്ടായി. ഇപ്പോള്‍ അവ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവ നീക്കം ചെയ്താല്‍ വേദനയും അണുബാധയും മാറും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
രാസ വസ്തുക്കള്‍ ഉപയോഗിച്ചും കൃത്രിമ വസ്തുക്കള്‍ ശരീരത്തിനകത്ത് സ്ഥാപിച്ചും മാറിടവും നിതംബവും വലുതാക്കുന്നവര്‍ ഇത്തരം പാര്‍ശ്വ ഫലങ്ങളെ കുറിച്ച് കൂടെ ചിന്തിക്കുന്നത് നല്ലതാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ദുരന്തം, ബഹുമതി, വൈദ്യശാസ്ത്രം, സ്ത്രീ