സിയറാ ലിയോൺ: അത്യന്തം അപകടകാരിയായ ഇബോള വൈറസ് പകർച്ച വ്യാധിയായി പടരുമ്പോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും അപകടകരമായി മാറുകയാണ് ഗിനിയിൽ ഇപ്പോൾ കണ്ടു വരുന്ന ഇബോള ബാധ. 1323 പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. ഇതിൽ 729 പേർ വൈറസിന് കീഴടങ്ങി മരണമടയുകയും ചെയ്തു. ഇത് കേവലം 4 മാസം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. വിരലിൽ എണ്ണാവുന്ന കേസുകളുമായി മാർച്ചിൽ ഗിനിയിൽ കാണപ്പെട്ട ഇബോള വൈറസ് ബാധ ഇതിനോടകം സിയറ ലിയോൺ, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് പടർന്നു. ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് മാത്രമല്ല ആഫ്രിക്കയിൽ നിന്നും പുറത്തേക്കും രോഗം പടരാനുള്ള സാദ്ധ്യത ഭീതിദമാണ്. മുൻപ് കാണപ്പെട്ടതിൽ നിന്നും വ്യതസ്തമായ രീതികളിലാണ് വൈറസ് പടരുന്നത് എന്നത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തവണത്തെ പകർച്ച വ്യാധി മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്തമാണ് എന്നു ഇത് തീർത്തും നിയന്ത്രണാതീതമാണ് എന്നും മെഡിക്കൽ സാൻസ് ഫ്രോണ്ടിയേഴ്സ് (എം. എസ്. എഫ്.) എന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടന വിലയിരുത്തി. ദിനം പ്രതി സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളും കൂടുതൽ ആളുകളും രോഗ ബാധിതരായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ പലതും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ എന്നാണ് ഇവരുടെ വിദഗ്ദ്ധ അഭിപ്രായം.
ലോകത്ത് കാണപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു രോഗമെന്ന് ഇബോള വൈറസ് ബാധയെ വിശേഷിപ്പിക്കാമെന്നാണ് എം. എസ്. എഫ്. പറയുന്നത്. പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗം ബാധിക്കുന്നവരിൽ 90 ശതമാനം പേരെയും കൊല്ലുന്നു. ഈ ഉയർന്ന മരണ നിരക്ക് മൂലം ഇത് ബാധിക്കുന്ന സമൂഹങ്ങളിൽ പെട്ടെന്ന് തന്നെ ഇത് വൻ തോതിൽ രോഗ ഭീതി പടർത്തുകയും ചെയ്യും. ഈ രോഗത്തെ ചെറുക്കാൻ പ്രതിരോധ കുത്തി വെപ്പുകൾ ഒന്നും തന്നെ നിലവിലില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഫ്രിക്ക, ആരോഗ്യം, ദുരന്തം, വൈദ്യശാസ്ത്രം