ജനീവ: ആഫ്രിക്കയില്‍ പതിനായിരത്തോളം പേരുടെ മരണത്തിന് കാരണമായ ഇബോള വൈറസ് ബാധ അതിവേഗം കണ്ടുപിടിക്കാന്‍ ഉതകുന്ന ഒരു പരിശോധനയ്ക്ക് ലോക ആരോഗ്യ സംഘടന ഇതാദ്യമായി അംഗീകാരം നല്‍കി. ഇബോളയെ നേരിടാനുള്ള ആരോഗ്യ വിദഗ്ദ്ധരുടെ ശ്രമങ്ങള്‍ക്ക് ഏറെ ആക്കം കൂട്ടുന്ന ഒരു നടപടിയാവും ഇത്.
ഇത്തരമൊരു ദ്രുത പരിശോധന ഇത് വരെ ഇബോളയെ കണ്ടെത്താന്‍ ലഭ്യമല്ലാതിരുന്നത് ആദ്യ ദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുവാന്‍ തടസ്സമായിരുന്നു.
നിലവിലുള്ള പരിശോധനയുടെ ഫലം അറിയാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നത് ഈ പരിശോധനയോടെ കേവലം 15 മിനിറ്റായി ചുരുങ്ങി. നിലവിലെ അംഗീകൃത പരിശോധനയുടെ അത്രയും കൃത്യമല്ലെങ്കിലും ഈ പരിശോധനയുടെ ഗുണം ഏറെ വലുതാണ്. രോഗം പെട്ടെന്ന് കണ്ടുപിടിച്ച് രോഗ ബാധ സംശയിക്കപ്പെടുന്നവരെ മാറ്റി പാര്‍പ്പിക്കുക വഴി രോഗം പകരുന്നത് തടയാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ആശ്വാസം.
അമേരിക്കയിലെ കോര്‍ജെനിക്സ് മെഡിക്കല്‍ കോര്‍പ്പ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ReEBOV Antigen Rapid Test എന്ന ഈ പരിശോധനാ രീതിക്ക് വൈദ്യുതി ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു തുള്ളി രക്തം ഒരു കഷ്ണം പേപ്പറില്‍ വീഴ്ത്തി ഇതിന്റെ രാസപ്രവര്‍ത്തനം ഒരു ടെസ്റ്റ് ട്യൂബില്‍ നിരീക്ഷിക്കുകയാണ് ഇതിന്റെ രീതി. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാം. 92 ശതമാനം രോഗികളേയും 85 ശതമാനം രോഗ വിമുക്തരേയും ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഫ്രിക്ക, ആരോഗ്യം, ദുരന്തം, വൈദ്യശാസ്ത്രം