ഡബ്ലിൻ: അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഇന്ത്യൻ വംശജ സവിതയുടെ മരണം ഒഴിവാക്കാൻ ആവുന്നതായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് ചോർന്നു. ഇതോടെ സവിതയുടെ കുടുംബത്തിന്റെ ആരോപണം സത്യമായിരുന്നു എന്ന് വെളിപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ദ ഇൻഡിപ്പെൻഡന്റ്” പത്രമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
തന്റെ ഗർഭം അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞതായാണ് ബന്ധുക്കളുടെ പരാതി. 31 കാരിയായിരുന്ന സവിത ദന്ത ഡോക്ടർ ആയിരുന്നു.
സവിത പരാതിപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയ തങ്ങൾക്ക് ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നും ഈ അവസ്ഥയിൽ ഗർഭച്ഛിദ്രം നടത്താൻ അയർലൻഡിലെ നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ സവിതയുടെ മരണത്തിൽ കലാശിച്ച അണുബാധ മൂന്ന് ദിവസത്തോളം കണ്ടെത്താൻ കഴിയാതിരുന്നത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ അവസ്ഥയിൽ സവിത ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവരെ ഗർഭച്ഛിദ്രത്തിന് വിധേയ ആക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ദുരന്തം, വൈദ്യശാസ്ത്രം