ജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
ഭീകരതയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. തീവ്രവാദികളുടെ സംഘടനാപരമായ വൈദഗ്ദ്ധ്യവും ആക്രമണ ശേഷിയും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇതിനെ ചെറുക്കാന്‍ ജി-8 രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കിയേ തീരൂ എന്നും ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ സംയുക്തമായി പ്രസ്താവിച്ചു.
മൂന്ന് ദിവസമായി റോമിനടുത്ത് നടന്നു വന്ന യോഗം ശനിയാഴ്ച്ച സമാപിച്ചു.



പുലി തലവന്‍ വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള്‍ തമിഴ് അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടെന്നു ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന്‍ തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്‍വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില്‍ ആണ് ഉള്ളത്. അവര്‍ സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്‍ത്താ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര പറഞ്ഞു.
ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രതിഷേധവും തൃണവല്‍ ഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും തങ്ങളുടെ ആയുധ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്ന് രാവിലെ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇന്നലെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സിലിന്റെ വിലക്ക് ലംഘിച്ചു കൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത് ലോക രാഷ്ട്രങ്ങള്‍ മുഴുവനും അപലപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് തങ്ങളുടെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് തന്നെ പോകും എന്ന് പ്രഖ്യാപിക്കുമാറ് ഇന്ന് രാവിലെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപം. 
അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം വക വെക്കാതെ ഉത്തര കൊറിയ മറ്റൊരു അണു പരീക്ഷണം കൂടി വിജയകരമായി പൂര്‍ത്തി ആക്കിയതായി പ്രഖ്യാപിച്ചു. കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആണവായുധ ശക്തി കൈവരിച്ച് തങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗം ആണ് ഈ പരീക്ഷണം എന്ന് കൊറിയ വ്യക്തമാക്കി. 2000 ഒക്ടോബര്‍ 9ന് നടത്തിയതിലും ശക്തമായ സ്ഫോടനം ആയിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 5ന് ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ഐക്യ രാഷ്ട്ര സഭ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച നടപടിക്ക് തങ്ങള്‍ മറ്റൊരു അണു പരീക്ഷണം തന്നെ നടത്തി പ്രതിഷേധിക്കും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ആ ഭീഷണിയാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ ന്യൂ യോര്‍ക്കില്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു ഈ യോഗം. ആരെയും അറിയിക്കാതെ ഈ കഴിഞ്ഞ മെയ് 5ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വ്വകലാശാലയിലെ പ്രസിഡന്‍സ് റൂമില്‍ വെച്ചായിരുന്നു ഈ രഹസ്യ യോഗം കൂടിയത്. വാറന്‍ ബുഫ്ഫറ്റ്, ബില്‍ ഗേറ്റ്സ്, ഡേവിഡ് റോക്ക്ഫെല്ലര്‍ ജൂനിയര്‍ എന്നിവരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇവരെ കൂടാതെ യോഗത്തില്‍ ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് സോറോസ്, ടെഡ് ടര്‍ണര്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നീ കോടീശ്വരന്മാരും പങ്കെടുത്തു. തിരക്കു പിടിച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ വരുവാനുള്ള സമയം ഇവര്‍ കണ്ടെത്തിയതും ആരും അറിയാതെ ഇത്രയും പ്രശസ്തര്‍ ഒരുമിച്ചു കൂടിയതും എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നു.
























