ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച് പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.