പന്നി പനിയെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദ്യമായാണ് ഒരു രോഗത്തെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച വ്യാധികളുടെ പട്ടികയില്‍ പെടുത്തുന്നത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഇന്ഫ്ലുവന്സ വൈറസ് ആണ് ഇത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം.
HI NI വൈറസ് ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു.
പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ് പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്.
പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.



ജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
പുലി തലവന്‍ വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള്‍ തമിഴ് അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടെന്നു ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന്‍ തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്‍വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില്‍ ആണ് ഉള്ളത്. അവര്‍ സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്‍ത്താ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര പറഞ്ഞു.
ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രതിഷേധവും തൃണവല്‍ ഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും തങ്ങളുടെ ആയുധ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്ന് രാവിലെ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇന്നലെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സിലിന്റെ വിലക്ക് ലംഘിച്ചു കൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത് ലോക രാഷ്ട്രങ്ങള്‍ മുഴുവനും അപലപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് തങ്ങളുടെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് തന്നെ പോകും എന്ന് പ്രഖ്യാപിക്കുമാറ് ഇന്ന് രാവിലെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപം. 
അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം വക വെക്കാതെ ഉത്തര കൊറിയ മറ്റൊരു അണു പരീക്ഷണം കൂടി വിജയകരമായി പൂര്‍ത്തി ആക്കിയതായി പ്രഖ്യാപിച്ചു. കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആണവായുധ ശക്തി കൈവരിച്ച് തങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗം ആണ് ഈ പരീക്ഷണം എന്ന് കൊറിയ വ്യക്തമാക്കി. 2000 ഒക്ടോബര്‍ 9ന് നടത്തിയതിലും ശക്തമായ സ്ഫോടനം ആയിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 5ന് ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ഐക്യ രാഷ്ട്ര സഭ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച നടപടിക്ക് തങ്ങള്‍ മറ്റൊരു അണു പരീക്ഷണം തന്നെ നടത്തി പ്രതിഷേധിക്കും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ആ ഭീഷണിയാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. 
























