ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.