കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ ഒരു സിക്ക് മാധ്യമ പ്രവര്‍ത്തകന്‍ പത്ര സമ്മേളനത്തിനിടെ ഷൂ വലിച്ചെറിഞ്ഞു. 1984ല്‍ നൂറ് കണക്കിന് സിക്കുകാരെ കശാപ്പ് ചെയ്ത കലാപം സൂത്രധാരണം ചെയ്തു എന്ന് ആരോപിക്കപ്പെട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗ്‌ദീഷ് ടൈറ്റ്‌ലറെ സി.ബി.ഐ. കുറ്റവിമുക്തം ആക്കിയ നടപടിയെ കുറിച്ച് താന്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ ഉത്തരത്തില്‍ കുപിതനായാണ് ഒരു ഹിന്ദി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയ ജര്‍ണൈല്‍ സിങ് ചിദംബരത്തിനു നേരെ തന്റെ ഷൂ ഏറിഞ്ഞത്. എന്നാല്‍, തന്റെ നേരെ ഷൂ പറന്നു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാല്‍ മന്ത്രിക്ക് ഏറ് കൊണ്ടില്ല. ഇയാളെ പിടിച്ച് പുറത്ത് കൊണ്ട് പോകൂ എന്ന് ആവശ്യപ്പെട്ട മന്ത്രി പക്ഷെ ഇയാളെ പതുക്കെ കൈകാര്യം ചെയ്യണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ ഇയാളോട് ക്ഷമിച്ചു എന്ന് പിന്നീട് ചിദംബരം അറിയിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിക്ക് മതക്കാരായ അംഗ രക്ഷകര്‍ വെടി വെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ സിക്ക് മതക്കാരെ തെരഞ്ഞു പിടിച്ച് കശാപ്പ് ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്.



ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്‍പില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്‍പില്‍ നില്‍ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്‍പില്‍ ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി ആവാം എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ കാല്‍ പാടുകള്‍ പിന്തുടര്‍ന്ന് ഇന്ത്യയുടെ പ്രധാന മന്ത്രിയായി രാഹുല്‍ സ്ഥാനം ഏല്‍ക്കുന്ന കാലം വിദൂരം അല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ലുധിയാനയില്‍ അറിയിച്ചു. 
























