മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.