ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി ആവാം എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ കാല്‍ പാടുകള്‍ പിന്തുടര്‍ന്ന് ഇന്ത്യയുടെ പ്രധാന മന്ത്രിയായി രാഹുല്‍ സ്ഥാനം ഏല്‍ക്കുന്ന കാലം വിദൂരം അല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ലുധിയാനയില്‍ അറിയിച്ചു.
എന്നാല്‍ ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സോണിയാ ഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റെയും നേതൃത്വത്തില്‍ ആയിരിക്കും. 38ാം വയസ്സില്‍ ഒമര്‍ അബ്ദുള്ളക്ക് കാശ്മീര്‍ പോലെ പ്രധാനമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 40ാം വയസ്സില്‍ രാജീവ് ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാന മന്ത്രിയും ആകാം എങ്കില്‍ എന്തു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് 38ാം വയസ്സില്‍ അടുത്ത പ്രധാന മന്ത്രി ആയിക്കൂടാ എന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. മന്‍മോഹന്‍ സിംഗ് തന്റെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃത്വം ഏറ്റെടുക്കണമോ എന്ന് രാഹുല്‍ തന്നെ തീരുമാനിക്കും എന്നും അറിയിച്ചു.
പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് മന്‍മോഹന്‍ സിംഗ് തന്നെ ആയിരിക്കും എന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സോണിയ പ്രസംഗിച്ചത് ആരും മറക്കരുത് എന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആയ ഷക്കീല്‍ അഹമ്മദ് കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം