മണലൂര്‍: കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും നാട്ടിക എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കും. തൃശ്ശൂര്‍ ജില്ലയിലെ തീര ദേശ പ്രദേശമായ നാട്ടിക മണ്ഡലത്തെ കഴിഞ്ഞ രണ്ടു വട്ടം പ്രതിനിധീകരിച്ചു വരുന്നത് ടി. എന്‍. പ്രതാപനാണ്. നാട്ടിക സംവരണ മണ്ഡല മായതോടെയാണ് ടി. എന്‍. പ്രതാപന്‍ മണലൂരിലേക്ക് മാറിയത്.
ജന പ്രതിനിധിയെന്ന നിലയില്‍ നാട്ടികയുടെ വികസന ത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയനായ പ്രതാപന്‍ നിയമ സഭയിലും സജീവമാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായി തളിക്കുളം ബീച്ചില്‍ സ്ഥാപിച്ച സ്നേഹ തീരം ഏറേ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എല്ലാ വര്‍ഷവും നടത്തുന്ന ബീച്ച് ഫെസ്റ്റിവെലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ടൂറിസ്റ്റുകളും പങ്കെടുക്കുന്നു. മത്സ്യ ബന്ധനത്തിന് ഏറെ സാധ്യത തുറന്നു കൊണ്ട് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചേറ്റുവയിലെ ഫിഷിങ്ങ് ഹാര്‍ബറും അഞ്ചാം കല്ലിനു കിഴക്കു വശത്ത് പുളിക്കകടവ് പാലവും മുറ്റിച്ചൂര്‍ പാലവും, തൃപ്രയാറിലെ ഇന്‍ഡോര്‍ സ്റ്റേഡിയവും, മിനി സിവില്‍ സ്റ്റേഷനും, പ്രതാപന്റെ കൂടെ പരിശ്രമത്തിന്റെ ഫലമാണ് യാഥാര്‍ത്ഥ്യം ആയത്. പ്രായമായ വിധവകളായ സ്തീകള്‍ക്ക് “അമ്മക്കൊരു കവിള്‍ കഞ്ഞി” എന്ന പേരില്‍ ഒരുമയുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും നവീകരണത്തിലും പ്രതാപന്‍ ശ്രദ്ധ ചെലുത്തി.
തളിക്കുളം തോട്ടുങ്ങല്‍ നാരായണന്റെ മകനായ ടി. എന്‍. പ്രതാപന്‍ കെ. എസ്. യു. വിലൂടെയാണ് രാഷ്ടീയ രംഗത്തേക്ക് വരുന്നത്. നാട്ടിക എസ്. എന്‍. കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പഠന കാലത്തു തന്നെ കോണ്‍ഗ്രസ്സിലെ നേതാക്കന്മാരുമായി ഇടപെടുവാന്‍ സാഹചര്യം വന്നതോടെ സജീവ രാഷ്ടീയത്തിലേക്ക് കടന്നു. വി. എം. സുധീരനെ പോലുള്ള നേതാക്കന്മാര്‍ പ്രതാപന്റെ വഴികാട്ടികളായി.
2001-ലെ തെരഞ്ഞെടുപ്പില്‍ സി. പി. ഐ. യിലെ പ്രബലനും മുന്‍ കൃഷി മന്ത്രി യുമായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലിനെ പരാജയപ്പെടുത്തി ക്കൊണ്ട് ആദ്യമായി നിയമ സഭയില്‍ എത്തി. കഴിഞ്ഞ തവണ സി. പി. ഐ. യിലെ തന്നെ ഫാത്തിമ അബ്ദുള്‍ ഖാദറിനെ ഒന്‍പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ക്കൊണ്ട് വിജയം നില നിര്‍ത്തി. നിയമ സഭയുടെ വിവിധ സബ് കമ്മറ്റികളില്‍ അംഗമാണ്.
വി. എം. സുധീരനും, റോസമ്മ ചാക്കോയും, പോള്‍സണ്‍ മാസ്റ്ററുമെല്ലാം അനായാസം വിജയിച്ചിരുന്ന മണലൂര്‍ പൊതുവെ യു. ഡി. എഫിനു അനുകൂലമായ മണ്ഡലമാണ്. എന്നാല്‍ കഴിഞ്ഞ തവണ അവിടെ സി. പി. എമ്മിന്റെ മുരളി പെരുനെല്ലി അട്ടിമറി വിജയം നേടി. കച്ചവടക്കാരും കൃഷിക്കാരും ചെത്തുകാരും അടങ്ങുന്ന ഇടത്തരക്കാരുടെ ഒരു വലിയ സമൂഹമാണ് ഇവിടെ ഉള്ളത്. അതു കൊണ്ടു തന്നെ വിലക്കയറ്റവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരിക്കും ഇവിടെ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുക. നാഷ്ണല്‍ ഹൈവേ 17 നെ തൃശ്ശൂര്‍ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ടശ്ശാംകടവിലൂടെ കടന്നു പോകുന്ന റോഡിന്റെ വികസനം കണ്ടശ്ശാം കടവു മുതല്‍ കാഞ്ഞാണി വരെ ഉള്ള പ്രദേശത്ത് എത്തുമ്പോള്‍ വഴി മുട്ടുന്നത് വര്‍ഷങ്ങളായി ഇവിടെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാറുണ്ട്.
ക്രിസ്ത്യന്‍ – ഈഴവ വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനം. മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് ഇടതു പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനമുള്ള അന്തിക്കാടുള്‍പ്പെടെ ഏതാനും ഭാഗം ഈ മണ്ഡലത്തില്‍ നിന്നും വിട്ടു പോയിട്ടുണ്ട്. ഇത് ടി. എന്‍. പ്രതാപനു അനുകൂലമായി മാറും എന്ന് കരുതുന്നു. യു. ഡി. എഫിനു അധികാരം ലഭിക്കുകയാണെങ്കില്‍ ഒരു പക്ഷെ മന്ത്രിയാകുവാനും സാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് ടി. എന്‍. പ്രതാപന്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്