തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചു മരിച്ചവരില്‍ അധികവും മദ്യപാനികള്‍ ആണെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്ഥാവനയില്‍ മുഖ്യമന്ത്രി നിയമ സഭയില്‍ ഖേദം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പനിബാധിച്ച് മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നതിനിടയില്‍ മരിച്ചവരില്‍ അധികവും മദ്യപാനികളോ കരള്‍ രോഗം ബാധിച്ചവരോ ആയിരുന്നു എന്ന് ആരൊഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. മന്ത്രിയുടെ പ്രസ്ഥാവന നിരുത്തരവാദപരവും മരിച്ചവരോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളും ആണെന്നും ഇവര്‍ക്ക് മദ്യപാനം മൂലം കരള്‍ വീക്കം ഉണ്ടായിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു. അംഗങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്ഥാവന മൂലം ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍ കേന്ദ്ര സംഘത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസ്ഥാവന നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. ഒടുവില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. ആരോഗ്യമന്ത്രിയുടെ പ്രസ്ഥാവനയില്‍ സര്‍ക്കാരിനു വേണ്ടി മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ച പനി തടയുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം