തിരുവനന്തപുരം: തിരുവനന്തപുരത്ത് പാര്‍വതിപുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞ് നാലു കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവറല്ലെന്നും ക്ലീനറായിരുന്നു എന്നുമാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ക്ലീനര്‍ ഷിബിന്‍ കേസില്‍ ഒന്നാം പ്രതിയാകും. പത്തൊമ്പതുകാരനായ ഇയാള്‍ക്ക് വാഹനമോടിക്കുന്നതിനു ലൈസന്‍സില്ല. ഡ്രൈവര്‍ ജഫേഴ്സണെ രണ്ടാം പ്രതിയും സ്കൂള്‍ അധികൃതരെ മൂന്നാം പ്രതിയുമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനാസ്ഥകാണിച്ചതിനാണ് സ്കൂള്‍ അധികൃതരെ പ്രതിചേര്‍ത്തത്. പത്തുവര്‍ഷം ഡൈവിങ്ങ് പരിചയം ഉള്ളവര്‍ ആയിരിക്കണംസ്കൂള്‍ വാഹനം ഓടിക്കേണ്ടതെന്നിരിക്കെ അഞ്ചു ദിവസം മുമ്പ് മാത്രം ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിച്ച ജഫേഴ്സണേയും ഡൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത ഷിബിനേയും വാഹനം ഏല്പിച്ചത് അധികൃതരുടെ ഭാഗത്തുനിന്നും ഉള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കുന്നു.
അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നേരത്തെ കരിക്കകം അപകടത്തെ തുടര്‍ന്ന് സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നത് സംബന്ധിച്ചും ഓടിക്കുന്ന ഡ്രൈവര്‍മാരുടെ യോഗ്യത സംബന്ധിച്ചുമെല്ലാം ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ഇന്നലത്തെ അപകടം വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടേയും സ്കൂള്‍ മാനേജുമെന്റുകളുടെയും അനാസ്ഥമൂലം ഒരു വര്‍ഷത്തിനിടെ രണ്ടുതവണയായി നിരവധി പിഞ്ചു ജീവിതങ്ങളാണ് പാര്‍വ്വതി പുത്തനാറില്‍ പൊലിഞ്ഞത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം