
തൃശൂർ : ജൂബിലി മിഷൻ ആശുപത്രിയിൽ നടന്നു വരുന്ന നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ ധാരണയായി. തൃശൂർ ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ സമരക്കാരായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി കളും ആശുപത്രി മാനേജ് മെന്റും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
സമരം ചെയ്ത ജീവനക്കാർക്ക് എതിരെ യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ല എന്ന് സമ്മതിച്ച് മാനേജ് മെന്റും ധാരണാ പത്രത്തിൽ ഒപ്പു വച്ചിട്ടുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഈ അനുരഞ്ജന ചർച്ച. തൃശൂർ സിറ്റി അസി.പോലീസ് കമ്മീഷണർ ടി. ആർ. രാജേഷും സന്നിഹിതനായിരുന്നു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടം ഘട്ടമായി, അവർ മുൻപ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും.
മേൽപ്പറഞ്ഞ ജീവനക്കാരെ ആദ്യത്തെ ഒന്നര മാസത്തിനുള്ളിൽ 40% ജീവനക്കാരെയും തുടർന്ന് ബാക്കി 40% ജീവന ക്കാരെയും അവർ മുൻപ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളിൽ തന്നെ പ്രവേശിപ്പിക്കും എന്നുള്ള മാനേജ്മന്റ് തീരുമാനം യൂണിയൻ അംഗീകരിച്ചു.
കരാർ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള നഴ്സിംഗ് ജീവനക്കാരെ ആദ്യം 1 വർഷത്തേക്കും പിന്നീട് 3 വർഷത്തേക്കും തുടർന്ന് 5 വർഷത്തേക്കും നിയമിക്കും എന്നും മാനേജ് മെന്റ് സമ്മതിച്ചു. ശമ്പള വർദ്ധനവ് അടക്കമുള്ള മറ്റ് തർക്ക വിഷയങ്ങളിൽ ആശുപത്രി മാനേജ് മെന്റും യൂണിയനും തമ്മിൽ തൊഴിൽ വകുപ്പിന്റെ മധ്യസ്ഥതയിൽ തുടർ ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കും എന്നും ഇരു വിഭാഗങ്ങളും സമ്മതിച്ചു.
2026 ആഗസ്ത് നാലിന് നടന്ന ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധി ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഫാദർ. ജസ്റ്റിൻ പൂഴിക്കുന്നേൽ, ജോഷി പാവിൽ, യൂണിയൻ പ്രതിനിധികളായ എം. ജാസ്മിൻ ഷാ, ലിജോ ജോസഫ് എന്നിവരും സംബന്ധിച്ചു. P R D
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: ആരോഗ്യം, തൊഴിലാളി, പ്രതിരോധം, സാമൂഹികം, സാമൂഹ്യക്ഷേമം, സ്ത്രീ




























