കൊല്ലം: കേരള പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വന്‍ മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് എ. ഡി. ജി. പി. യാണ് ഡി. ജി. പി. ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്പിരിറ്റ്, മണല്‍ മാഫിയാ ബന്ധമുള്ള 56 പോലീസുകാരുടെ പേരു വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ പ്രധാന ചുമതലകളില്‍ നിന്നും മാറ്റണമെന്നും ഇവരെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കുവാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മണല്‍ മാഫിയാ ബന്ധം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്. പി. കെ. ബി. ബാലചന്ദ്രനെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ ഒരു എസ്. പി. അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയാ ബന്ധം ഉണ്ടെന്നാണ് സൂചന.
വന്‍ മാഫിയയുടെ പിന്‍ബലത്തോടെ വ്യാജ മണല്‍ കടത്ത് സംസഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇനിയും ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണമുണ്ട്. കണ്ണൂരില്‍ മണല്‍ മാഫിയയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തപ്പോള്‍ കെ. സുധാകരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി എസ്. ഐ. യെ ഭീഷണിപ്പെടുത്തിയ സംഭവം വന്‍ വിവാദമായിരുന്നു.
രാഷ്ടീയ – പോലീസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം പിന്തുണയാണ് വിവിധ മാഫിയകള്‍ക്ക് സ്വൈര്യ വിഹാരം നടത്തുവാന്‍ അവസരം ഒരുക്കുന്നത്. ഇവരെ ഭയന്ന് പലരും പരാതി പറയുവാന്‍ പോലും മടിക്കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പോലീസ്, വിവാദം