സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് സേവനാവകാശ നിയമം നിയമസഭ പാസാക്കി. ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭ ചര്‍ച്ച കൂടാതെ നിയമം പാസാക്കിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ ലഭിക്കും എന്നത് ഉറപ്പാക്കുകയാണ് നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കുവാന്‍ നിയമം അനുശാസിക്കുന്നു. ഇരുനൂറ്റമ്പതു മുതല്‍ പരമാവധി അയ്യായിരം രൂപ വരെ ആണ് പിഴ. ഏതൊക്കെ സേവനങ്ങള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കണം എന്നതു സംബന്ധിച്ച് വിവിധ വകുപ്പുകള്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. സേവനത്തിനായി നല്‍കുന്ന അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണം കൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനെ അറിയിച്ചിരിക്കണം. സേവനം നിഷേധിച്ചതു സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതു സംബന്ധിച്ച് രണ്ടു തട്ടില്‍ ഉള്ള അപ്പീല്‍ അവസരം അപേക്ഷകനു ലഭിക്കും. ഒന്നാമത്തെ അപ്പീലില്‍ അപേക്ഷകനു ലഭിക്കേണ്ടതായ സേവനം ഉദ്യോഗസ്ഥന്‍ നിഷേധിക്കുകയാണെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാവുന്നതാണ്.
വിവരാവകാശ നിയമം പോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒന്നാണ് സേവനാവകാശ നിയമം. എന്നാല്‍ വിവരവകാശ നിയമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌരപൂര്‍വ്വം കാണുന്നില്ല. പലര്‍ക്കും അപേക്ഷിച്ചാല്‍ ആവശ്യമായ മറുപടിയോ രേഖകളൊ ലഭിക്കുന്നില്ല. ഇതിനെതിരെ പരാതി നല്‍കുവാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും അവരും വേണ്ടത്ര കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഫലത്തില്‍ വിവരാവകാശ നിയമം പലപ്പോഴും ദുര്‍ബലമായി മാറുന്നു. വിവരാവകാശ നിയമത്തിനു സംഭവിച്ചതു പോലെ സേവനാവകാശ നിയമത്തിന്റെ കാര്യത്തിലും സംഭവിച്ചാല്‍ അതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാതെ ആകും.