വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിനു ഇനി ഒരുരാവിന്റെ ദൂരം മാത്രം. 200 വര്‍ഷം മുമ്പ് ശക്തന്‍ തമ്പുരാന്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ പൂരത്തെ ചിട്ടപ്പെടുത്തിയ തെന്നാണ് ചരിത്രം. രാവിലെ കണിമംഗലം ശാസ്താവ് “വെയിലും മഞ്ഞും“ കൊള്ളാതെ വടക്കുംന്നാഥനെ വണങ്ങുവാനായി രാവിലെ 7.30 നു തെക്കേ ഗോപുരം കടക്കുന്നതോടെ 36 മണിക്കൂര്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുകയായി.
അതിരവിലെ കണിമംഗലത്ത് നിന്നും പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തില്‍ ഇറക്കിപ്പൂജയും കഴിഞ്ഞു വടക്കുംന്നാഥ സന്നിധിയില്‍ എത്തുന്ന കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴിയാണ് പുറത്തു കടക്കുക. കണിമംഗലം ശാസ്താവിനു പുറകെ ചെമ്പൂക്കാവ് ഭഗവതിയും തുടര്‍ന്ന് കാരമുക്ക് ഭഗവതി, പനമുക്കും പിള്ളി ശാസ്താവ്, ലാലൂര്‍ ഭഗവതി, ചൂരക്കോട്ട് കാവ് ഭഗവതി, അയ്യന്തോള്‍ ഭവതി, ഒടുക്കം നെയ്തലക്കാവ് ഭഗവതിയും വടക്കുംന്നാഥനെ വണങ്ങുവാന്‍ എത്തുന്നു.
പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും വരവാണ് പൂരത്തിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നത്. ലക്ഷണമൊത്ത മുപ്പത് ഗജവീരന്മാരാണ് ഇരുപക്ഷത്തുമായി അണിനിരക്കുക. മറ്റു ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ ആനകളെ സംബന്ധിച്ചേടത്തോളം അഴകിനും അച്ചടക്കത്തിനും ആണ് പ്രധാനം. അതു കൊണ്ടു തന്നെ ഉയരക്കേമന്മാരില്‍ പലരും തൃശ്ശൂര്‍ പൂരത്തിനു ഉണ്ടാകാറില്ല. തിരുവമ്പാടിക്ക് ശിവസുന്ദര്‍ തിടമ്പേറ്റുമ്പോള്‍ പാറമേക്കാവിനു ശ്രീപത്മനാഭന്‍ ആണ് തിടമ്പേറ്റുക. ഇത്തവണ പാറമേക്കാവ് വിഭാഗത്തില്‍ തെക്കു നിന്നും തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പന്റെ സാന്നിധ്യം ശ്രദ്ധേയമാകും. തിരുവമ്പാടിയ്ക്ക് പുതുമുഖമായി മത്സരപ്പൂരങ്ങളില്‍ ശ്രദ്ധേയനായ ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ ആണ്. ഇരുവരും ആദ്യമായാണ് തൃശ്ശൂര്‍ പൂരത്തില്‍ അണിനിരക്കുന്നത്. ഇവരെക്കൂടാതെ കുട്ടങ്കുളം അര്‍ജ്ജുനന്‍, അമ്പലപ്പുഴ വിജയകൃഷ്ണന്‍, തിരുവമ്പാടി രാജേന്ദ്രന്‍, മണികണ്ഠന്‍, ചിറയ്ക്കല്‍ മഹാദേവന്‍, ചിറക്കല്‍ കാളിദാസന്‍, തുടങ്ങി കേരളത്തിലെ പേരെടുത്ത് ഗജരാജന്മാര്‍ അണിനിരക്കുന്നു. കേരളക്കരയിലെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റേയും, ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്റേയും അസാന്നിധ്യം ശ്രദ്ധേയമാണ്.
തൃശ്ശൂര്‍ പൂരത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് മഠത്തില്‍ വരവ്. രാവിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് പുറപ്പെട്ട് പതിനൊന്നും
മണീയോടെ പടിഞ്ഞാറെ നടയില്‍ ഉള്ള നടുവില്‍ മഠത്തില്‍ എത്തുന്നു. അവിടെ കോലം ഇറക്കി പൂജിച്ചതിനുശേഷം (ഇറക്കി പൂജ) പുതിയ തലേക്കെട്ടും ചമയങ്ങളുമണിഞ്ഞ് മൂന്ന് ആനകള്‍ നിരക്കുന്നു. തിരുവമ്പാടി ദേവസ്വത്തിന്റെ ലക്ഷണോത്തമന്‍ തിരുവമ്പാടി ശിവസുന്ദര്‍ ആണ് തിടമ്പേറ്റി
മഠത്തില്‍ വരവിനു നേതൃത്വം നല്‍കുക. തുടര്‍ന്ന് അവിടെ മികച്ച കലാകാരന്മാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറുന്നു. ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ എണ്ണത്തിലും ഉണ്ട് പ്രത്യേകത. 17 തിമിലക്കാരും കൊമ്പുകാരും ഇലത്താളക്കാരും, ഇടയ്ക്ക നാല്, ഒന്‍പത് മദ്ധളം, എന്നിങ്ങനെയാണത്. നായകനാലില്‍ (നായ്ക്കനാല്‍) എത്തുമ്പോഴേക്കും ആനകളുടെ എണ്ണം പതിഞ്ചാകുന്നു. കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പഞ്ചവാദ്യം ഇവിടെ മധ്യകാലം പിന്നിട്ട് മുന്നേറുന്നു.
പാറേമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. വടക്കും നാഥന്റെ കിഴക്കേ നടയില്‍ ഉള്ള പാറേമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പൂരം പുറപ്പാട് തുടങ്ങുന്നത് പന്ത്രണ്ടു മണിയോടെ ആണ്. പതിനഞ്ചാനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര ഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നള്ളുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്ത് ഗോപുരത്തിനു പുറത്ത് ചമ്പടമേളത്തില്‍ ആരംഭിക്കുന്ന മേളമാണിവിടെ. അത് വടക്കുന്നാഥ സന്നിധിയില്‍ എത്തുമ്പോള്‍ പാണ്ടിമേളമായി മാറുന്നു. രണ്ടാം കലാശം കഴിയുന്നതോടെ ഇലഞ്ഞിത്തറയില്‍ എത്തുന്നു. ഇതോടെ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമാകുന്നു. പതികാലത്തില്‍ തുടങ്ങി വിവിധ കാലങ്ങളും കടന്ന് ഉച്ചസ്ഥായില്‍ എത്തുന്നതൊടെ ആസ്വാകര്‍ സ്വയം മറന്ന് വാനില്‍ കൈകള്‍ ഉയര്‍ത്തി താളമിടുന്നു. വൈകീട്ട് നാലരയോടെ ഇലഞ്ഞിത്തറമേളം കഴിയുന്നു. തുടര്‍ന്ന് തെക്കോട്ടിറക്കം. രാജാവിന്റെ പ്രതിമയെ വന്ദിച്ച് തിരിച്ചുവരുമ്പോഴേക്കും തിരുവമ്പാടിയും തെക്കേഗോപുരം കടന്ന് നിരന്നിട്ടുണ്ടാകും. തുടര്‍ന്നാണ് മത്സരത്തിന്റെ തീപ്പൊരി ചിതറുന്ന കുടമാറ്റം. വര്‍ണ്ണക്കുടകള്‍ ഒന്നൊന്നായി മാറിമാറി ഇരുപക്ഷത്തേയും ആനപ്പുറമേറുമ്പോള്‍ കാണികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കും.
രാത്രിയില്‍ ഘടകപൂരങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് വടക്കുംന്നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന വെടിക്കെട്ട്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരങ്ങളുടെ പൂരത്തിനു തിരശ്ശീല വീഴുന്നു. തുടര്‍ന്ന് അടുത്തൊരു വര്‍ഷത്തെ കാത്തിരിപ്പിനു വര്‍ണ്ണശബ്ദങ്ങളാല്‍ ദീപ്തമായ സ്മരണകളുമായി പൂരക്കമ്പക്കാര്‍ കാത്തിരിക്കുന്നു.