കൊച്ചി : സംസ്ഥാന സ്‌കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തെരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ പകലും രാത്രിയിലുമായി നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് സ്‌കൂൾ കായിക മേള ഒരുക്കുക. 24,000 കായിക പ്രതിഭകൾ മാറ്റുരക്കുന്ന കായിക മേള, ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം ആയി മാറും എന്നാണു പ്രതീക്ഷ എന്നും മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. ടി. വിഭാഗങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക – വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്ര മേളയാകും.
സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തിയ്യതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജന വിഭാഗ ങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. PRD