തൃശ്ശൂര്‍: ആനക്കമ്പക്കാരെയും ഉത്സവപ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിക്കൊണ്ട് ഗജസാമ്രാട്ട് നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ (49) വിടപടഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആന തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചരിഞ്ഞത്. ആനച്ചന്തത്തിന്റെയും അച്ചടക്കത്തിന്റേയും അപൂര്‍വ്വമായ ജന്മമായിരുന്നു ശ്രീനിവാസന്‍. ജന്മം കൊണ്ട് ബീഹാറിയാണെങ്കിലും നാടന്‍ ആനകളെ വെല്ലുന്ന അഴകളവുകള്‍, ഒപ്പം ഏതുത്സവപ്പറമ്പിലും ശ്രദ്ധിക്കപ്പെടുന്നതും അതേ സമയം സൌമ്യവുമായ സാന്നിദ്ധ്യമായിരുന്ന ഈ ആന. ഗുരുവായൂര്‍ പത്മനാഭന്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ടല്ലെങ്കിലും കാരണവര്‍ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു ശ്രീനിവാസന്. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനിവാസനോളം സ്ഥാനം മറ്റാര്‍ക്കും ലഭിച്ചിരുന്നില്ല. കേരളത്തിലെ ഏറ്റവും അധികം ഭാരവും തലവലിപ്പവുമുള്ള ആനകൂടിയായിരുന്നു ശ്രീനിവാസന്‍. ആറുടണ്ണിനടുത്താണിവന്റെ ശരീരഭാരം. മുന്നൂറു സെന്റീമീറ്ററിനടുത്ത് ഉയരം. നീണ്ട വാല്‍ നിലത്തിഴയുന്ന തുമ്പി പതിനെട്ട് നഖങ്ങള്‍ എങ്ങിങ്ങനെ ലക്ഷണങ്ങള്‍ എല്ലാം ഒത്ത ആനയായിരുന്നു ശ്രീനിവാസന്‍.
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ തിടമ്പേറ്റിയിട്ടുണ്ട് ഈ ഗജവീരന്‍. രണ്ടു പതിറ്റാണ്ടിലേറെയായി പൂര്‍ണ്ണത്രയീശ വൃശ്ചികോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങായ തൃക്കേട്ട പുറപ്പാടിന് ശ്രീനിയായിരുന്നു സ്വര്‍ണ്ണക്കോളം ഏറ്റിയിരുന്നത്. വൈക്കത്തഷ്ടമിക്ക് ഉദയാനപുരത്തപ്പന്റെ തിടമ്പേറ്റിയിരുന്നതും ഇവന്‍ തന്നെ.നെന്മാറ വല്ലങ്ങി, ഉത്രാളിക്കാവ്, ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്, ഏങ്ങണ്ടിയൂര്‍ ആയിരം കണ്ണി ക്ഷേത്രം, ചിനക്കത്തൂര്‍ പൂരം, തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനി സ്ഥിരം സാന്നിധ്യമായിരുന്നു.ഡെല്‍ഹി ഏഷ്യാഡിലും ഇവന്‍ പങ്കെടുത്തിട്ടുണ്ട്. 2009-ലെ വൃശ്ചികോത്സവത്തൊടനുബന്ധിച്ച് ശ്രീ പൂര്‍ണത്രയീശ സേവാസംഘം നാണു എഴുത്തശ്ശന്‍ ശ്രീനിവാസനു ശ്രീ പൂര്‍ണ്ണത്രയീശ ഗജകൌസ്തുഭം എന്ന ഭഹുമതി നല്‍കി ആദരിച്ചിരുന്നു.
മധ്യകേരളത്തിലെ പ്രമുഖ ആനയുടമയായ എറണാകുളം വിശ്വനാഥ ഷേണായിയാണ് ശ്രീനിവാസനെ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കൊണ്ടു വന്നത്. ഏകദേശം ഏഴുവയസ്സ് പ്രായം ഉള്ളപ്പോള്‍ ആണ് ലക്ഷണത്തികവുകള്‍ ഉള്ള ഇവന്‍ കേരളത്തില്‍ എത്തുന്നത്. പിന്നീട് എണ്‍പതുകളുടെ മധ്യത്തോടെ ഇവന്‍ തൃശ്ശൂരിലെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പില്‍ എത്തി. അക്കാലത്തെ മോഹവിലയായ രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവനെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ന് ശരാശരി ആനയുടെ വില ഒരു കോടിക്ക് മുകളിലാണ് എന്നാല്‍ അന്ന് അമ്പതിനായിരത്തിനു മേലെ ആനയ്ക്ക് വില വന്നിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
ശ്രീനിവാസന്റെ നീരുകാലം നേരത്തെ കഴിയും. അതിനാല്‍ തന്നെ സീസണിലെ ആദ്യപൂരങ്ങള്‍ തൊട്ടെ സാന്നിധ്യമാകുവാന്‍ ഇവനാകുമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ ആനപ്രേമികള്‍ക്ക് ഇവനോട് പ്രത്യേക സ്നേഹമായിരുന്നു. ആയിരങ്ങള്‍ അവന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തി. ശ്രീനിവാസന്റെ വിയോഗം ആനക്കേരളത്തിന്റെ കനത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനിവാസന്റെ അകാല വേര്‍പാടില്‍ ദുബായ് ആനപ്രേമി സംഘം അനുശോചിച്ചു.