മലയാള കവിതയില്‍ കാല്പനിക വിപ്ലവം കൊണ്ടു വന്ന ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.
ഇടപ്പള്ളി
പ്രണയമെന്നുടെ ജീവിത സര്‍വ്വസ്വം
പാടി കോള്‍മയിര്‍ കൊള്ളിച്ച നിന്‍ യൗവ്വനം
വേദന തിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തി യോര്‍മ്മയായി.
ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലേക്കു ള്ളറിയാ വഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വികനാം നിനക്കന്യമേ ജീവിതം.
അകളങ്കഹൃത്തു ക്കളൊന്നുപോലും
തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.
പുല്ലാകാം പുസ്തക ജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ച സത്യം തൊട്ടറിയിച്ചവന്‍ നീ.
ഇന്നോളവും കേട്ടിതില്ലിതു പോലൊരു
രാഗ വൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവന സൌന്ദര്യ ശില്പങ്ങള്‍.
വിരഹ വിപഞ്ചിക മീട്ടി മീട്ടി നിന്‍
മരണ മണി നാദം സ്വയം മുഴക്കി
നാടു നീങ്ങി നീ കാല്പനിക മുദ്രയാല്‍
മലയാള കവിതയില്‍ പ്രായശ്ചിത്തം.
– അസ്മോ പുത്തന്‍ചിറ
ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ മരണ പത്രത്തില്‍ എഴുതി :
ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.
സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.
പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവി ച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാ മാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധി ത്വത്തിന്റെ മേല്‍ പതിക്കരുതേ!
എനിക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി – കൂപ്പുകൈ!
ഇടപ്പള്ളി രാഘവന്‍ പിള്ള
കൊല്ലം,
21-11-1111
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണി നാദം’. കവിതയില്‍ നിന്ന് ഏതാനും വരികള്‍:
മണിനാദം
അനുനയിക്കുവാ നെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെ യെന്നന്ത്യ യാത്രാമൊഴി:
മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണ ഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ! -യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവന ലീലയിലെന്നുറ്റ തോഴരാം
കനക തൂലികേ! കാനന പ്രാന്തമേ!
മധുരമല്ലാത്തൊരെന്‍ മൗന ഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ് പിറന്നൊരു കാമുകന്‍!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!
– ഇടപ്പള്ളി രാഘവന്‍ പിള്ള
ഇടപ്പള്ളി രാഘവന്‍ പിള്ള യുടെ ജീവിതത്തിലൂടെ:
മലയാളത്തിലെ കാല്പനിക കവികളില്‍ ഒരു കവിയാണ് ഇടപ്പള്ളി. ഇറ്റാലിയന്‍ കാല്പനിക കവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമ തരളത, മരണാഭിരതി എന്നിവയാണ് ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് അദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.
1909 ജൂണ്‍ 30ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തു വീട്ടില്‍ മീനാക്ഷി യമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. 1915-ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം. എം. സ്കൂള്‍ ഫോര്‍ ബോയ്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്കൂളില്‍ ചേര്‍ന്ന് 3-ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയ വരുമായുള്ള ബന്ധവും ജന്മ സഹജമായ കവിതാ വാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളാ യിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായി തീര്‍ന്നു.
1927-ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമ ബന്ധം ഇടപ്പള്ളി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചു കാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായി നിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’ യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം ചിത്രവാരിക തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാര ഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തു വെച്ചാണ്. കൊല്ല വര്‍ഷം 1110-ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാര ഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരള കേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി. എം. നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാല വഴി തന്നെ ഹൃദയ സ്മിതം, നവ സൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.
കൊല്ലത്ത് വൈക്കം നാരായണ പിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവര്‍ഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതി വിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാള രാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള.
അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചു വന്നു. ദിനപ്പത്രങ്ങളില്‍ മരണ വാര്‍ത്ത വന്നതും അതേ ദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’ വുമായി മലയാള രാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തുഷാര ഹാരം (1935), നവ സുരഭം (1936), ഹൃദയ സ്മിതം (1936), മണിനാദം (1944) എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.