Tuesday, July 5th, 2011

ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍

edappally-raghavan-pillai-epathram

മലയാള കവിതയില്‍ കാല്പനിക വിപ്ലവം കൊണ്ടു വന്ന ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.

ഇടപ്പള്ളി

പ്രണയമെന്നുടെ ജീവിത സര്‍വ്വസ്വം
പാടി കോള്‍മയിര്‍ കൊള്ളിച്ച നിന്‍ യൗവ്വനം
വേദന തിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തി യോര്‍മ്മയായി.

ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലേക്കു ള്ളറിയാ വഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വികനാം നിനക്കന്യമേ ജീവിതം.

അകളങ്കഹൃത്തു ക്കളൊന്നുപോലും
തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.

പുല്ലാകാം പുസ്തക ജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ച സത്യം തൊട്ടറിയിച്ചവന്‍ നീ.

ഇന്നോളവും കേട്ടിതില്ലിതു പോലൊരു
രാഗ വൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവന സൌന്ദര്യ ശില്പങ്ങള്‍.

വിരഹ വിപഞ്ചിക മീട്ടി മീട്ടി നിന്‍
മരണ മണി നാദം സ്വയം മുഴക്കി
നാടു നീങ്ങി നീ കാല്പനിക മുദ്രയാല്‍
മലയാള കവിതയില്‍ പ്രായശ്ചിത്തം.

അസ്മോ പുത്തന്‍ചിറ

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ മരണ പത്രത്തില്‍ എഴുതി :

ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവി ച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാ മാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധി ത്വത്തിന്റെ മേല്‍ പതിക്കരുതേ!

എനിക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി – കൂപ്പുകൈ!

ഇടപ്പള്ളി രാഘവന്‍ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണി നാദം’. കവിതയില്‍ നിന്ന് ഏതാനും വരികള്‍:

മണിനാദം

അനുനയിക്കുവാ നെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെ യെന്നന്ത്യ യാത്രാമൊഴി:

മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണ ഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ! -യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവന ലീലയിലെന്നുറ്റ തോഴരാം
കനക തൂലികേ! കാനന പ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗന ഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ് പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

ഇടപ്പള്ളി രാഘവന്‍ പിള്ള

ഇടപ്പള്ളി രാഘവന്‍ പിള്ള യുടെ ജീവിതത്തിലൂടെ:

മലയാളത്തിലെ കാല്പനിക കവികളില്‍ ഒരു കവിയാണ്‌ ഇടപ്പള്ളി. ഇറ്റാലിയന്‍ കാല്പനിക കവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമ തരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് അദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

1909 ജൂണ്‍ 30ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തു വീട്ടില്‍ മീനാക്ഷി യമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. 1915-ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം. എം. സ്കൂള്‍ ഫോര്‍ ബോയ്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്കൂളില്‍ ചേര്‍ന്ന് 3-ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയ വരുമായുള്ള ബന്ധവും ജന്മ സഹജമായ കവിതാ വാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളാ യിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായി തീര്‍ന്നു.

1927-ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമ ബന്ധം ഇടപ്പള്ളി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചു കാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായി നിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’ യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം ചിത്രവാരിക തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാര ഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തു വെച്ചാണ്. കൊല്ല വര്‍ഷം 1110-ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാര ഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരള കേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി. എം. നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാല വഴി തന്നെ ഹൃദയ സ്മിതം, നവ സൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

കൊല്ലത്ത് വൈക്കം നാരായണ പിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവര്‍ഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതി വിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാള രാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള.

അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചു വന്നു. ദിനപ്പത്രങ്ങളില്‍ മരണ വാര്‍ത്ത വന്നതും അതേ ദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’ വുമായി മലയാള രാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തുഷാര ഹാരം (1935), നവ സുരഭം (1936), ഹൃദയ സ്മിതം (1936), മണിനാദം (1944) എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ to “ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍”

  1. krishnakumar says:

    it gives pleasure to remember the poet who give pain
    to us for untimely departure but great joy for what he has given to us.In one way it is short and sweet.
    krishnakumar thaliyakkattil

  2. saleem says:

    അസ്മൊ കവിത അസ്സലായി

  3. ഇടപ്പള്ളിയെക്കുറിച്ച് ശ്രീ. അസ്മൊ പുത്തന്‍‌ചിറ എഴുതിയ കവിത ഹ്ര്‌ദയാന്തരാളങ്ങളില്‍ അലയൊലികള്‍ ശ്ര്‌ഷ്ടിക്കുന്നു.
    കാവ്യരചനാ വൈഭവത്തിന്റെ ഉത്തുംഗതയില്‍ നിന്നുകൊണ്ട് ചിന്തോദ്ദീപകങ്ങളായ വരികള്‍ ശരസമാനമായി അനുവാചകരുടെ ചിന്താ സരണിയിലേക്ക് തൊടുത്തു വിടുമ്പോള്‍ കവിയും കാവ്യ ബിംബവും പ്രഭാപൂരിതമാകുന്നു.

    അകളങ്കഹൃത്തു ക്കളൊന്നുപോലും
    തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
    സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
    അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.

    വരികള്‍ ഒന്നൊന്നായി മാറ്റുരയ്ക്കുമ്പോള്‍ തിളക്കത്തിന്റെ തിരയിളക്കം എല്ലാറ്റിലും.

  4. praveen says:

    മല്‍ക്കരള്‍ പൊട്ടി ഞാനിന്നു മരിച്ചാലി
    പ്പുല്‍ക്കൊടിപോലും കരകയില്ല…

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine