ഭോപ്പാല്‍ : ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണമായ ഏഴു പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഏഴു മുന്‍ ജീവനക്കാരെയാണ് കോടതി കേസില്‍ കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം പരമാവധി രണ്ടു വര്ഷം വരെ തടവ് ശിക്ഷ മാത്രമേ ഇവര്‍ക്ക് ലഭിക്കൂ. ഇത് തീരെ കുറഞ്ഞു പോയി എന്ന് വ്യാപകമായ പ്രതിഷേധമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
25 വര്ഷം മുന്‍പ് ഡിസംബര്‍ മൂന്നിനു പുലര്‍ച്ചെയാണ് ദുരന്തതിനാസ്പദമായ വാതക ചോര്‍ച്ച യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
സംഭവത്തെ കുറിച്ച് നടന്ന സി. ബി. ഐ. അന്വേഷണത്തില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഇതിനിടെ മരണമടഞ്ഞു.
പ്രതിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനി തന്നെ ഇപ്പോള്‍ നിലവില്‍ ഇല്ല. 2001ല്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ അമേരിക്കയിലെ ദൌ കെമിക്കല്‍സ് എന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി. 1989ല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യൂണിയന്‍ കാര്‍ബൈഡ് കമ്പനി 470 മില്യന്‍ ഡോളറിനു കേസ് ഒത്തുതീര്‍പ്പാക്കി യതാണ് എന്നും അതിനാല്‍ തങ്ങള്‍ക്കു ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്നുമാണ് ദൌ കെമിക്കല്‍സിന്റെ നിലപാട്.
പ്രതിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മുതലാളി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയില്‍ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ ഇന്ന് വരെ ഇന്ത്യന്‍ കോടതികളില്‍ ഹാജരാവാന്‍ കൂട്ടാക്കിയിട്ടില്ല.
യൂണിയന്‍ കാര്ബൈടിന്റെ രണ്ടു ഉപ സ്ഥാപനങ്ങളായിരുന്നു മറ്റ് രണ്ടു പ്രതികള്‍.
ശേഷിക്കുന്ന ഏഴു പ്രതികളില്‍ പലരും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മരണത്തിന് കാരണമായ കുറ്റകരമായ അനാസ്ഥ എന്നാണു കോടതി ഇവരുടെ കുറ്റത്തെ വിശേഷിപ്പിച്ചത്.
- ജെ.എസ്.