ലണ്ടന്‍ : 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര് ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ദോ കെമിക്കല്‍സ് നേടിയിരിക്കുന്നത്. 7 മില്യന്‍ ബ്രിട്ടീഷ് പൌണ്ട് ആണ് സ്പോണ്‍സര്‍ഷിപ്പ് തുക.
ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര് ചെയ്യുവാനുള്ള അവസരം ദോ കെമിക്കല്‍സിന് നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ലോക പ്രശസ്ത എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ നോം ചോംസ്കി അടക്കം ഒട്ടേറെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും മുന്‍ ഒളിമ്പിക്സ് താരങ്ങളും ചേര്‍ന്ന് ലണ്ടന്‍ ഒളിമ്പിക്സ് സംഘാടക സമിതി അദ്ധ്യക്ഷന്‍ ലോര്‍ഡ് സെബാസ്റ്റ്യന്‍ കോയക്ക് എഴുത്തെഴുതി. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാര തുക നല്കാന് തയ്യാറാകാതെ നിയമ യുദ്ധം നടത്തിയ കമ്പനി ആദ്യം ഈ വിഷയത്തില്‍ തങ്ങളുടെ ദുഷ്പേര് ഇല്ലാതാക്കിയിട്ട് മതി ലണ്ടന്‍ ഒളിമ്പിക്സ് വേദി ഉപയോഗിച്ച് തങ്ങള്‍ക്ക് സല്‍പ്പേര് ഉണ്ടാക്കുന്നത് എന്നാണ് പ്രതിഷേധം അറിയിച്ചവരുടെ നിലപാട്.
- ജെ.എസ്.