മനാമ : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ജനിതക വിത്തുകള്‍ അനുഗുണമാകുമെന്ന കേരള പഠന കോണ്‍ഗ്രസ്സിന്റെ അഭിപ്രായം മൊണ്‍സാന്റോ പോലുള്ള കാര്‍ഷിക ബഹുരാഷ്ട്ര കുത്തകകളുടെ പ്രചാരകരായി ഒരു ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി കൂടി മാറിയതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് പ്രേരണ ബഹറൈന്‍ അഭിപ്രായപ്പെട്ടു.
ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും ബഹുരാഷ്ട്ര കുത്തകകള്‍ കീഴ്പ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള വിത്തുകളും കാര്‍ഷിക രീതികളും മൊണ്‍സാന്റൊ, കാര്‍ഗില്‍, പെപ്സി, ബെയര്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ സ്വന്തമാക്കി മാറ്റാനായി ലോക വ്യാപകമായി ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഫലമാണ് ചെറുകിട ഇടത്തരം കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ രണ്ട് ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷമാക്കുന്ന നയങ്ങളുമായി സര്‍ക്കാരുകള്‍ മുന്നോട്ട് പോകുകയാണ്.
വളര്‍ന്നു വരുന്ന ലോക ജനസംഖ്യയുടെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗം ജനിതക വിത്തുകളുടെ വ്യാപനമാണെന്ന പ്രചാരണം അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര കുത്തകളുടെ താല്പര്യാര്‍ത്ഥം ലോക വ്യാപകമായി നടത്തി വരുന്നുണ്ട്. ഈ കച്ചവടത്തിലൂടെ ഇവര്‍ മൂന്നര ലക്ഷം കോടി രൂപ പ്രതിവര്‍ഷം നേടിയെടുക്കുന്നു.
എന്നാല്‍ ജനിതക വിത്തുകള്‍ അപകടകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും ഇതിന്റെ വ്യാപനത്തിനെതിരെ ജാഗരൂകരാണ്. യൂറോപ്യന്‍ യൂനിയന്‍, മെക്സിക്കോ, ചിലി, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഈ നിലപാടെടുത്തിട്ടുണ്ട്.
എന്നാല്‍ 1990 കള്‍ക്ക് ശേഷം ഇന്ത്യയില്‍ വ്യാപകമായി മാറിയ ബി. ടി. പരുത്തി വിത്തുകള്‍ ആന്ധ്ര പ്രദേശിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും വ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ കര്‍ഷകര്‍ക്കും നാല്‍ക്കാലികള്‍ക്കും സമ്മാനിച്ചു. കൃഷിയിലെ വമ്പിച്ച ചെലവ് വര്‍ധനയായിരുന്നു മറ്റൊരനുഭവം. ഇവ കാര്‍ഷിക ജീവിതത്തെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കി.
ഇതിന്റെ തുടര്‍ച്ചയായി ബി. ടി. വഴുതനയും കൂടി വ്യാപകമായി കൃഷി ചെയ്യാനുള്ള തീരുമാന ത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാരിന് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ജി. എം. വിത്തുകളുടെ വ്യാപനം ലക്ഷ്യം വെച്ചു കൊണ്ടുള്ള അമേരിക്കന്‍ കാര്‍ഷിക വിഭാഗത്തിന്റെ നിബന്ധനകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ രൂപത്തില്‍ നടന്നു വരികയാണ്. ഇതിന്റെ വിജയത്തിനായി വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വിലക്കെടുക്കുന്നു. ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകള്‍ വിക്കിലീക്സ് പുറത്ത് വിട്ട് കഴിഞ്ഞിട്ടുണ്ട്. ഈ കെണിയില്‍ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇടതു പക്ഷ പാര്‍ട്ടികളെ വീഴ്ത്തിയിരിക്കുന്നു എന്നാണ് കേരള പഠന കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതു വഴി ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും ജി. എം. വിത്തുകളുടെ പ്രചാരകരാക്കാന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാര്‍ഷിക വൃത്തി ചെയ്യുന്ന, ഏറ്റവും കൂടുതല്‍ പരമ്പരാഗത വിത്തുകള്‍ കൃഷി ചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകരെ ബഹുരാഷ്ട്ര കുത്തകകളുടെ ഇരകളാക്കി മാറ്റാനായി ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് പ്രേരണ അഭ്യര്‍ഥിച്ചു.