റോം : ഇറ്റലിയുടെ വിനോദ സഞ്ചാര കപ്പലായ കോസ്റ്റ കോണ്‍കോഡിയ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കാണാതായവരുടെ എണ്ണം 29 ആയി തിട്ടപ്പെടുത്തി. 6 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇറ്റലിയുടെ തീരത്തുള്ള പാറക്കെട്ടില്‍ ഇടിച്ചതാണ് അപകട കാരണമായി കരുതപ്പെടുന്നത്. ഇത് കപ്പലിന്റെ കപ്പിത്താന്‍ നടത്തിയ ഒരു തെറ്റായ നീക്കത്തിന്റെ ഫലമാണ് എന്ന് ആരോപണമുണ്ട്. ഈ ആരോപണം അപകടത്തെ തുടര്‍ന്ന് തടവിലായ കപ്പിത്താന്‍ നിഷേധിച്ചിട്ടുണ്ട്.
കപ്പലില്‍ ഉണ്ടായിരുന്ന 201 ഇന്ത്യക്കാരെ രക്ഷിച്ചതായി ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒരു ഇന്ത്യാക്കാരനെ പറ്റി ഇതു വരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ മറ്റു യാത്രക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നതായി ചില ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യാക്കാര്‍ എല്ലാവരും കപ്പലിലെ ജോലിക്കാര്‍ ആയിരുന്നു.
4000 ത്തോളം യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ആഡംബര യാത്രാ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് പാറക്കൂട്ടത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് മുങ്ങിയത്.
- ജെ.എസ്.