ബെയ്ജിങ്/ടോക്യോ: ജപ്പാനെ മറികടന്ന് ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി. 2010 അവസാനിക്കുമ്പോഴുള്ള കണക്കനുസരിച്ച് 5.474 ലക്ഷംകോടി ഡോളറാണ് ജപ്പാന്റെ സാമ്പത്തിക മൂല്യം. എന്നാല്‍ 5.8 ലക്ഷം കോടി ഡോളറാണ് ചൈനയുടെ ഇതേ കാലയളവിലെ സാമ്പത്തിക മൂല്യം. കയറ്റുമതിയും ഉപഭോക്തൃചോദനവും കുറഞ്ഞതാണ് ജപ്പാന് തിരിച്ചടിയായത്. ഉത്പാദന മേഖലയിലെ കുതിപ്പ് ചൈനയ്ക്ക് തുണയായി.
നിലവിലെ വളര്‍ച്ചാ നിരക്കനുസരിച്ച് മുന്നേറിയാല്‍ ചൈന അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ കണക്കനുസരിച്ച് ബ്രിട്ടന്‍ ആറാമത്തെ സാമ്പത്തിക ശക്തിയാണ്. നാലുപതിറ്റാണ്ടിനിടെ ആദ്യമായാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ജപ്പാന് നഷ്ടപ്പെടുന്നത്. സാമ്പത്തിക ശക്തി എന്ന പദവിയേക്കാള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് ഊന്ന ല്‍നല്‍കിയതെന്ന് ജപ്പാന്‍ ധനകാര്യ മന്ത്രി കൗറു യൊസാനോ പറഞ്ഞു. അയല്‍രാജ്യമായ ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിലെ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജപ്പാനീസ് യെന്നിന്റെ മൂല്യം ഉയര്‍ന്നത് ജപ്പാന്റെ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് ആവശ്യം കുറയാന്‍ ഇടയാക്കി. ഇതേസമയം വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയതും ജപ്പാനെ പ്രതികൂലമായി ബാധിച്ചു. ആഭ്യന്തരമായും വിദേശത്തും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യം കുറഞ്ഞത് ജപ്പാന് തിരിച്ചടിയായി. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ ഉയര്‍ന്നതും ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ആഭ്യന്തര വ്യവസായത്തിലെയും അടിസ്ഥാന സൗകര്യ വികസന രംഗത്തെയും കുതിച്ചുചാട്ടം ചൈനയ്ക്ക് തുണയായി. ഏറെ മധ്യവര്‍ഗക്കാര്‍ ധനാഢ്യരായി. എന്നാല്‍, ഒട്ടേറെ ജനങ്ങള്‍ ഇപ്പോഴും പാവപ്പെട്ടവരായി തുടരുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) കണക്കനുസരിച്ച് ജപ്പാനിലെ ആളോഹരി വരുമാനം 34,000 ഡോളറാണ്. ചൈനയില്‍ ഇത് 7500 ഡോളര്‍മാത്രം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം