മിനാമി സാന്‍റികു.(ജപ്പാന്‍) : “ഇന്ന് എന്റെ ജീവിതത്തിലെ അവസാനത്തെ ദിനം ആണെന്ന് ഞാന്‍ ഉറപ്പിച്ചു”. 60 കാരനായ ഹിരോമിട്സു ശിങ്കാവ എന്ന ജപ്പാന്‍കാരന്‍ തന്നെ രക്ഷപ്പെടുത്തിയവരോട് പറഞ്ഞു. 9 മൈല്‍ ദൂരെ കടലില്‍ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലെ പറ്റിപ്പിടിച്ചു 2 ദിവസം കഴിഞ്ഞ ഇദ്ദേഹത്തെ ഇന്നലെയാണ് രക്ഷപെടുത്താന്‍ സാധിച്ചത്. ഭൂകമ്പം ഉണ്ടായ ഉടനെ തന്നെ തന്റെ ഭാര്യയോടൊത്ത് വീട്ടില്‍ നിന്നും അവശ്യ സാധനങ്ങള്‍ എടുക്കുന്നതിനായി പുറപ്പെട്ട ഹിരോമിട്സുവിനെയും ഭാര്യയെയും എതിരിട്ടത് ഭീമന്‍ സുനാമി തിരകള്‍ ആയിരുന്നു. ”എനിക്ക് മേല്‍ക്കൂരയില്‍ പറ്റിപ്പിടിച്ചു കിടക്കുവാന്‍ സാധിച്ചു, എന്നാല്‍ എന്റെ ഭാര്യ ഒഴുകി പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു”, നിറ കണ്ണുകളോടെ ഹിരോമിട്സു പറയുന്നു. ഒഴുകി നടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന ഹിരോമിട്സുവിനെ അടുത്ത് വന്ന ഹെലികോപ്ടറുകളും ബോട്ടുകളും കണ്ടില്ല. എന്നാല്‍ എങ്ങനെയോ ഇദ്ദേഹം ഒരു വലിയ ചുവന്ന തുണി കൊണ്ട് ഒരു കൊടി ഉണ്ടാക്കുകയും അത് തുടര്‍ച്ചയായി വീശികൊണ്ടിരിക്കുകയും ചെയ്തു. അപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ജപ്പാന്‍ നാവിക സേനയുടെ പ്രവര്‍ത്തകര്‍ ഇത് കണ്ടു ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
മിനാമി സാന്‍റികുവില്‍ 9500 ആള്‍ക്കാരെ കാണാതായിട്ടുണ്ട്. ഇത് ഈ നഗരത്തിന്റെ പകുതിയോളം ജനസംഖ്യയാണ്. വിരലില്‍ എണ്ണാവുന്നത്രേം കെട്ടിടങ്ങളെ നില നില്‍ക്കുന്നവയുള്ളൂ. നഗര മധ്യത്തില്‍, സുനാമിയില്‍ അകപ്പെട്ടു 3 കിലോമീറ്റര്‍ കരയിലേക്ക് തള്ളപ്പെട്ട ഒരു ബോട്ട് അടിഞ്ഞു ചേര്‍ന്നിരിക്കുന്നു. സുനാമി തിര പൊങ്ങുന്നത് കണ്ടപ്പോള്‍ താന്‍ ഒരു ദുസ്വപ്നം കാണുകയാണ് എന്ന് കരുതിയതായി രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. വീടുകളെയും ആളുകളെയും കടല്‍ വിഴുങ്ങി എടുക്കുന്നത് സഹിക്കാവുന്നതിലും അപ്പുറത്തുള്ള കാഴ്ചയായി.
വെള്ളിയാഴ്ച സുനാമി മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം ജനങ്ങളും ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. സ്വജീവനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ പലര്‍ക്കും തങ്ങളുടെ കൂടെയുള്ള പ്രായമായവരെയും അംഗവൈകല്യം ഉള്ളവരെയും ഉപേക്ഷിക്കേണ്ടി വന്നു. മരിച്ചവരില്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവര്‍ നിരവധിയാണ്. ഒഴുകി നടക്കുന്ന കാറുകളില്‍ നിന്നും, മരങ്ങളില്‍ പറ്റി പിടിച്ചു കിടന്നിരുന്നവരുമൊക്കെ ആയി 42 പേരെ മിനാമി സാന്‍റികുവില്‍ നിന്നും രക്ഷപ്പെടുത്തുകയുണ്ടായി. എന്നാല്‍ അടിക്കടി ഉണ്ടായ തുടര്‍ ചലനങ്ങളും സുനാമി മുന്നറിയിപ്പുകളും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരുത്തി.
- ലിജി അരുണ്‍