പാരീസ് : അന്താരാഷ്ട്ര സമയ നിയന്ത്രണ സംഘടനയായ പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് കൂടി അധികം നൽകും. അതായത് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് നീളം കൂടുതൽ ആയിരിക്കും എന്ന്. അഗോളമായി സമയം ക്രമപ്പെടുത്തുവാൻ ഉപയോഗിക്കുന്ന അറ്റോമിൿ ക്ലോക്ക് ഒരൽപ്പം വേഗത്തിൽ ചലിക്കുന്നതും, ചന്ദ്രന്റെ വേലിയേറ്റ ആകർഷണ ബലങ്ങളുടെ ഫലമായി ഭൂമിയുടെ കറക്കത്തിന്റെ വേഗതയിൽ വരുന്ന കുറവും എല്ലാം കൂടിച്ചേർന്ന് ഇടയ്ക്ക് ഇങ്ങനെ സമയം ക്രമപ്പെടുത്തേണ്ടി വരാറുണ്ട് എന്ന് പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് അറിയിക്കുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു തവണ കറങ്ങാൻ എടുക്കുന്ന സമയത്തെയാണ് ഒരു സമ്പൂർണ്ണ ദിനമായി കണക്കാക്കുന്നത്. എന്നാൽ നൂറ് വർഷം മുൻപ് ഇതിന് എടുത്ത സമയത്തേക്കാൾ രണ്ടര മില്ലി സെക്കൻഡ് സമയം ഇപ്പോൾ ഭൂമി കൂടുതലായി എടുക്കുന്നുണ്ട്. ഇത് ഒരു വർഷം കൊണ്ട് ഏതാണ്ട് ഒരു സെക്കൻഡിന്റെ മുക്കാൽ ഭാഗമായി മാറും. ഇത് സമയാസമയം അധികൃതർ ആഗോള സമയത്തിൽ കൂട്ടിച്ചേർക്കും. 2009 ജനുവരിയിലാണ് ഇതിന് മുൻപ് ഇങ്ങനെ ചേർത്തത്. ഇനി അടുത്തത് മിക്കവാറും 2015ലോ 2016ലോ ആയിരിക്കും.
മുകളിലെ ചിത്രം : സാലവഡോർ ഡാലിയുടെ “ദ പെർസിസ്റ്റൻസ് ഓഫ് മെമറി”
.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം